accident

കോഴിക്കോട്: മരണം സംഭവിക്കാമായിരുന്ന അപകടങ്ങളിൽപ്പെട്ടവരെ അപകടം നടന്ന് ആദ്യ ഒരു മണിക്കൂറിൽ അടുത്ത ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5,000 രൂപയുടെ 'ഗുഡ് സമരിത്തൻ ക്യാഷ് അവാർഡ്' നൽകാൻ പദ്ധതി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം സഹായിച്ചവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി എന്നിവർ കമ്മിറ്റിക്ക് ശുപാർശ ചെയ്യണം. ഇത് ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർ അംഗങ്ങളായ ജില്ലാതല ഗുഡ് സമരിത്തൻ അപ്രൈസൽ കമ്മിറ്റി അംഗീകരിച്ച് സംസ്ഥാനതലത്തിലേക്ക് നൽകുകയും 5,000 രൂപ ക്യാഷ് അവാർഡ് ഓൺലൈനായി അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിൽ നിന്നും തിരഞ്ഞെടുത്ത 10 പേർക്ക് ദേശീയതലത്തിൽ ഒരു ലക്ഷം രൂപ വീതം നൽകും. ഇങ്ങനെ സഹായിക്കുന്നവരെ കേസിൽ സാക്ഷികളാക്കാൻ പാടില്ലെന്ന് നിയമത്തിൽ നിർദ്ദേശമുണ്ട്.
അപകടത്തിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട് മരിക്കുന്നവർ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിൽ ഗുഡ് സമരിത്തൻ കാഷ് അവാർഡുകൾ ശുപാർശ ചെയ്യുന്നതിനായി കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ചെയർമാനായ ജില്ലാതല അപ്രൈസൽ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ എ. ഡി. എം മുഹമ്മദ് റഫീഖ്, ഡി.എം.ഒ ഉമ്മർ ഫാറൂഖ്, ട്രാഫിക്ക് എ.സി.പി പി.കെ സന്തോഷ്, ആർ.ടി.ഒ സുമേഷ് പി. ആർ തുടങ്ങിയവർ പങ്കെടുത്തു.