
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 2.25 കോടി രൂപ വിലമതിക്കുന്ന 4.9 കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാർ കസ്റ്റംസിന്റെ പിടിയിൽ. ഇൻഡിഗോ എയർലൈൻസ് സീനിയർ എക്സിക്യൂട്ടീവ് സൂപ്പർവൈസറും മലപ്പുറം അരീക്കോട് സ്വദേശിയുമായ കെ.വി. സാജിദ് റഹ്മാൻ(29), കസ്റ്റമർ സർവീസ് ഏജന്റും കണ്ണൂർ കോട്ടൂളി സ്വദേശിയുമായ കെ.സി. മുഹമ്മദ് സമിൽ കൈസ് എന്നിവരാണ് (27) അറസ്റ്റിലായത്. ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ വയനാട് സ്വദേശി അഷ്ക്കറിന്റെ ലഗേജിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. ലഗേജ് കൈപ്പറ്റാൻ അഷ്ക്കർ എത്താഞ്ഞതിനെ തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ ലഗേജ് പരിശോധിക്കുകയും ബാഗിനുള്ളിലെ സോക്സിലും തുണിയിലുമായി ഒളിപ്പിച്ച സ്വർണ്ണം കണ്ടെടുക്കുകയും ചെയ്തു. എയർപോർട്ടിലെ സിസി ടിവി പരിശോധനയിൽ വിമാനക്കമ്പനി ജീവനക്കാരുടെ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽ പെട്ടതോടെയാണ് കസ്റ്റംസ് ഇരുവരെയും ചോദ്യം ചെയ്തത്. സാജിദ് റഹ്മാൻ ട്രാക് ആൻഡ് ട്രോളിയിൽ നിന്ന് നേരിട്ട് ബാഗെടുക്കാനും ടാഗ് മാറ്റാനും ശ്രമിച്ചിരുന്നു. എയർലൈൻ സുരക്ഷാസംഘത്തിന്റെ ഇടപെടലിനെ തുടർന്ന് ശ്രമം പരാജയപ്പെട്ടു. ഇരുവർക്കും സ്വർണ്ണം കടത്തുന്നതിൽ സജീവ പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. ലഗേജിന്റെ ഉടമ അഷ്ക്കറിനെ തിരിച്ചറിഞ്ഞ് സമൻസ് നൽകി.