കോഴിക്കോട് : ഗവ.മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്ക് മർദ്ദനമേറ്റ കേസിൽ പൊലീസ് വേട്ടയാടുകയാണെന്ന് ഡി.വൈ.എഫ്.ഐ. നിരപരാധികളെ വേട്ടയാടുന്ന പൊലീസ് രീതി അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരുമായുണ്ടായ സംഘർഷത്തിൽ പ്രതിയാണെന്ന് ആരോപിക്കുന്നവരുടെയും നിരപരാധികളുടെയും വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കയറി പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. പൂർണ ഗർഭിണിയെ കഴിഞ്ഞ ദിവസം കുടുംബശ്രീ ഹോട്ടലിൽ കയറി പൊലീസ് ഭീഷണിപ്പെടുത്തി അപമാനിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിനും പരാതിനൽകാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.