കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ സി.പി.എം. അനിഷ്ടസംഭവങ്ങളുടെ പേരിൽ പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് സി.പി.എം ടൗൺ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

കേസിൽ പ്രതികളാക്കപ്പെട്ടവരിൽ അഞ്ചുപേർ റിമാൻഡിലാണ്. ഇനിയും രണ്ടുപേർ കൂടിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനെന്ന പേരിൽ പൊലീസ് വീടുകളിലും സ്ഥാപനങ്ങളിലും കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. മെഡിക്കൽ കോളേജിൽനിന്ന് വിരമിച്ച ഡോക്ടറുടെ വീട്ടിൽപോലും റെയ്ഡ് നടത്തി. കമ്മിഷണറുടെ നിർദേശത്തോടെയാണ് ഇത്തരം നടപടിയെന്നാണ് അറിയുന്നത്. അതിക്രമം തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.