കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരനെ മർദ്ധിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 7 തള്ളിയത്.
കേസിന്റെ പേരിൽ നിരപരാധികളെ പൊലീസ് വേട്ടയാടുന്നെന്നാണ് ഡി.വൈ.എഫ.ഐയുടേയും സി.പി.എമ്മിന്റേയും വാദം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതികളും അയച്ചിട്ടുണ്ട്. അതിനിടെ റിമാൻഡിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ മെഡിക്കൽകോളജ് പൊലീസ് കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ നേതാവ് അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കും മാദ്ധ്യമപ്രവർത്തനുമാണ് മർദ്ദനമേറ്റത്. ഒടുവിൽ വിവാദമായതോടെ ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേ ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യാപേക്ഷ തള്ളിയതോടെയാണ് അഞ്ച് പ്രതികൾ നടക്കാവ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ പിടികൂടാൻ ഇതുവരെ പൊലീസിനായില്ല.
സുരക്ഷാ ജീവനക്കാരുടെ
അഭിഭാഷകയ്ക്ക് ഭീഷണി
മെഡിക്കൽ കോളജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് വധഭീഷണി. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മർഖാനാണ് ജില്ലാ കോടതിയിൽ ഭീഷണി നേരിടേണ്ടി വന്നത്. കയ്യും കാലും വെട്ടുമെന്നായിരുന്നു ഭീഷണി. സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ കേസിൽ സ്വകാര്യഹർജി നൽകാൻ ഇക്കഴിഞ്ഞ 13ന് കോടതിയിൽ എത്തിയതായിരുന്നു അഭിഭാഷക ബബിലാ ഉമ്മർഖാൻ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴാണ് ഭീഷണി. കോടതിയിൽ എത്തിയ ആളുകളിൽ നിന്നായിരുന്നു ഭീഷണി. തൊട്ടടുത്ത ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പ്രതികൾ പുറത്തിറങ്ങിയാൽ തന്റെ ജീവനു ഭീഷണിയുണ്ടാകുമെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഇതിനു പുറമേ മറ്റൊരു സ്വകാര്യ ഹർജിയും ഫയൽ ചെയ്തു.