നാദാപുരം: പത്ത് വർഷമായി പ്രവർത്തനം നിലച്ച കല്ലാച്ചി വിഷ്ണു മംഗലത്തെ മൃഗാശുപതി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശത്തെ ക്ഷീരകർഷകർ ഈ ആവശ്യവുമായി വിവിധ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ബന്ധപ്പെട്ടവർ ചെവിക്കൊള്ളുന്നില്ലെന്ന് മാത്രം. ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന ഡോക്ടർ വിരമിച്ചതോടെയാണ് മൃഗാശുപത്രിക്ക് ഈ ദുർഗതി ഉണ്ടായത്. ചിയ്യൂർ, വിഷ്ണുമംഗലം, തെരുവമ്പറമ്പ്, നരിപ്പറ്റ, ചേലക്കാട്, കല്ലാച്ചി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ ഏക ആശ്രമായിരുന്നു ഈ സ്ഥാപനം. ആശുപത്രിയുടെ പ്രവർത്തനം നിലച്ചതോടെ വലിയ ഒരു പ്രദേശത്തെ ക്ഷീരകർഷകർക്ക് നാദാപുരം ടൗണിനടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സംസ്ഥാന പാതയിലൂടെയും മറ്റ് വാഹന തിരക്കുള്ള റോഡുകളിലൂടെയും സഞ്ചരിച്ചു വേണം ഈ മൃഗാശുപത്രിയിലെത്താൻ. വളർത്തുമൃഗങ്ങളെയും കൊണ്ട് ഈ മൃഗാശുപത്രിയിൽ എത്താൻ കർഷകർ ബുദ്ധുമുദ്ധിമുട്ടുകയാണ്. ആശുപത്രി കെട്ടിടം കാട് പിടിച്ച് മാലിന്യംസംസ്കരണ കേന്ദ്രമായിരിക്കുകയാണ്.
നാട്ടുകാരുടെയും പഞ്ചായത്ത് ആവശ്യപ്രകാരം മിണ്ടാപ്രാണികളുടെ സംരക്ഷണത്തിനായി ഒരു ചികിത്സാലയം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെ 1961 ൽ സ്വകാര്യവ്യക്തി 30 വർഷത്തേക്ക് കല്ലാച്ചി വാണിമേൽ റോഡരികിലെ 10 സെന്റ് സ്ഥലം കെട്ടിട നിർമ്മാണത്തിന് വിട്ടു നൽകുകയായിരുന്നു. ഈ ഭൂമിയിൽ പഞ്ചായത്ത് മുൻകൈയെടുത്ത് പണി ത കെട്ടിടത്തിലാണ് മൃഗാശുപത്രി പ്രവർത്തനം തുടങ്ങിയത്. ഈ സ്ഥലവും കെട്ടിടവും ഉപയോഗിച്ച് മൃഗാശുപത്രി പ്രവർത്തനം പുനരാരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.