കൽപ്പറ്റ: കബനി നദി പുനരുജീവനം പദ്ധതിയുടെ ഭാഗമായി മാപ്പത്തോൺ പ്രവർത്തനങ്ങൾ വൈത്തിരി പഞ്ചായത്തിൽ ആരംഭിച്ചു. നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാപ്പിംഗ് നടത്തുന്നത്. ജില്ലയുടെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ നിലനിൽപ്പ് ഉറപ്പാക്കുകയും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ലഘൂകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കോട്ടയം, വയനാട് ജില്ലകളിലെ നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ അഞ്ച് ഗ്രൂപ്പുകളാണ് മാപ്പിംഗ് നടത്തുന്നത്. മാപ്പത്തോൺ സാങ്കേതിക സഹായത്തോടെ സർവ്വേ നടത്തുകയും ഡിജിറ്റൽ മാപ്പിംഗിലൂടെ രേഖപ്പെടുത്തുകയും ചെയ്യും. കബനിയുടെ ഉത്ഭവ കേന്ദ്രമായ വൈത്തിരി പൊഴുതന പഞ്ചായത്തുകളിലാണ് ആദ്യം മാപ്പിംഗ് നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി മാപ്പത്തോൺ പ്രവർത്തനങ്ങളുടെ വിശദീകരണവും ഓറിയന്റേഷനും പഞ്ചായത്ത് ഹാളിൽ നടന്നു. മറ്റ് പഞ്ചായത്തുകളിലെ മാപ്പിംഗ് ഉടൻ ആരംഭിക്കും. ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി സർവേ നടത്തുകയും മാപ്പത്തോൺ സാങ്കേതികവിദ്യയിലൂടെ മാപ്പിംഗ് നടത്തി മാലിന്യമുള്ള ഇടങ്ങളും ഒഴുക്കു നിലച്ച നീർച്ചാലുകളും കണ്ടെത്തി അവയെ പുനരുജീവിപ്പിച്ച് സുസ്ഥിരമക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കബനി പുനരുജ്ജീവനം. ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് സർവ്വേ നടത്തുന്നത്. ഡിജിറ്റൽ മാപ്പത്തോണിലൂടെ 2 മീറ്റർ സ്പഷ്ടതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഡിജിറ്റൽ ഭൂപടങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് അവിടെയുള്ള ജല സ്രോതസുകളുടെ ചെറിയ സവിശേഷതകൾ പോലും കൃത്യമായി മനസ്സിലാക്കാൻ കഴിയും ഇത്തരത്തിൽ മാപ്പിംഗിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ പഠിച്ച് കൃത്യമായ ആസൂത്രണവും പദ്ധതി നിർവ്വഹണവും നടത്താനാകും. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഒരു പ്രദേശത്തെ വിഭവങ്ങളും സവിശേഷതകളും ഡിജിറ്റൽ ഭൂപടമായ ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ രേഖപ്പെടുത്താൻ കഴിയും. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, കോട്ടയം നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പി രമേശ്, നവകേരളം കർമ്മ പദ്ധതി ടെക്നിക്കൽ കൺസൾട്ടന്റുമാരായ എബ്രഹാം കോശി, ടി.പി സുധാകരൻ, വി രാജേന്ദ്രൻ നായർ, നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ ആർ രവിചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺമാർ തുടങ്ങിയർ പങ്കെടുത്തു.
കബനി നദി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിൽ ആരംഭിച്ച മാപ്പത്തോൺ