news
എ.എൻ ഷംസീർ

ബേപ്പൂർ: ചാരുകസേരയും മാംഗോസ്റ്റിൻ മരവും റെക്കോർഡ് പ്ലയറും ... ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് മുന്നിൽ ആദരവോടെ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകം സന്ദർശിക്കുകയായിരുന്നു സ്പീക്കർ.

ബഷീറിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞിനെയും പാത്തുമ്മയുടെ ആടിനെയും കുറിച്ച് സംസാരിച്ച സ്പീക്കർ സ്‌കൂൾ കാലത്ത് പാഠപുസ്തകത്തിൽ പഠിച്ച 'ഭൂമിയുടെ അവകാശികൾ' എന്ന കൃതിയെ കുറിച്ചും ഓർമകൾ പങ്കുവെച്ചു. മലയാളികൾ ജീവിച്ചിരിക്കുന്നിടത്തോളം മറന്നുപോകാത്ത ഒരുപാട് കഥാപാത്രങ്ങൾ സൃഷ്ടിച്ച വിശ്വവിഖ്യാതനായ സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സ്പീക്കർ പറഞ്ഞു.

ബാല്യകാലസഖി, ശബ്ദങ്ങൾ, പ്രേമലേഖനം, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, മതിലുകൾ എന്നിങ്ങനെ അനേകം സാഹിത്യ കൃതികൾക്ക് ജന്മം നൽകിയ സാഹിത്യകാരന്റെ കണ്ണടയും പുരസ്‌കാരങ്ങളും തുടങ്ങി നിരവധി ഓർമകൾ ഉറങ്ങുന്ന വീടിനകത്തെ സൂക്ഷിപ്പുകളോരോന്നും സ്പീക്കർ കണ്ടു.

ബഷീറിന്റെ മക്കളായ ഷാഹിന ഹബീബ്, അനീസ് ബഷീർ എന്നിവരോടും മറ്റു കുടുംബാംഗങ്ങളോടും സംസാരിച്ച സ്പീക്കർ ആദരവ് കൈമാറി. കുടുംബം ബഷീറിന്റെ പുസ്തകം സ്പീക്കർക്ക് സമ്മാനിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എ, ഡോ.എം.കെ മുനീർ എം.എൽ.എ, നിയമസഭാ സെക്രട്ടറി എ.എം.ബഷീർ, സ്‌പെഷ്യൽ സെക്രട്ടറി കവിത ഉണ്ണിത്താൻ, നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയൻ എ.എസ്.ലൈല, മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി തുടങ്ങിയവർ സ്പീക്കർക്കൊപ്പമുണ്ടായിരുന്നു.