കോഴിക്കോട് : സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. കക്കോടി മുക്ക് സ്വദേശി ബാഗു എന്ന കുന്നത്ത് പടിക്കൽ ബിനേഷിനെയാണ് (37) നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.
പ്രതിയിൽ നിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിദ്യാർത്ഥികളെ ആകർഷിക്കാൻ കാരംസ് ക്ലബിന്റെ മറവിലായിരുന്നു എം.ഡി.എം.എ വിൽപന. പെൺകുട്ടികൾക്ക് ഉൾപ്പെടെ എം.ഡി.എം.എ രഹസ്യമായി എത്തിച്ചു നൽകാറാണ് പതിവ്. സുഹൃത്തുക്കളുടെയും എം.ഡി.എം.എയ്ക്ക് അടിമപ്പെട്ട കസ്റ്റമേഴ്‌സിന്റെയും വാഹനങ്ങളിൽ കറങ്ങി നടന്നാണ് വിൽപന. സിവിൽ സ്റ്റേഷന് സമീപം മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നയാളെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.