sajeevan
sajeevan

@ സി.പി.എമ്മിന്റേത് നിയമവാഴ്ച തകർക്കാനുളള നീക്കം

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഗുണ്ടാവിളയാട്ടം നടത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പരസ്യമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും ഇത് നിയമവാഴ്ച തകർക്കാനുളള ശ്രമമാണെന്നും ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും വിമുക്തഭടനുമായ നരിക്കുനി സ്വദേശി ദിനേശനെ ആക്രമിച്ച ഡി.വൈ.എഫ്.ഐ.നേതാവ് കെ.അരുൺ ഉൾപ്പെടെയുളളവരുടെ പേരിൽ ഗുണ്ടാ ആക്ട് ഉപയോഗിച്ച് കേസെടുക്കണമെന്നും വി.കെ.സജീവൻ പറഞ്ഞു. എം.എൽ.എയും ഡി.വൈ.എഫ്.ഐ.നേതാവുമായ സച്ചിൻ ദേവ് കോടതിയിൽ പ്രതികൾക്ക് അകമ്പടി സേവിച്ചത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ്. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്.
സി.സി.ടിവി രേഖകളിലൂടെ അതിക്രമത്തിന്റെ ഭീകരരംഗങ്ങൾ പുറത്തുവരികയും അക്രമികളെ തിരിച്ചറിയുകയും ചെയ്തിട്ടും പ്രതികൾ മുൻകൂർ ജാമ്യം തേടി അത് നിഷേധിക്കപ്പെടുന്നതുവരെ പൊലീസും സഹായിച്ചു. മുൻകൂർ ജാമ്യം തള്ളിയതിന് ശേഷമാണ് ആറാം ദിവസം പ്രതികൾ ഹാജരാകുന്നത്. ഇപ്പോൾ പുതിയ കഥകൾ ഉണ്ടാക്കി പൊലീസിനെയും അഭിഭാഷകയെയും പിന്തിരിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. പൊലീസിനെ നിഷ്‌ക്രിയമാക്കാൻ കമ്മിഷണർക്കെതിരെ ഭീഷണി സ്വരത്തിൽ ആരോപണമുയർത്തി കോടതിയിൽ നിന്ന് 24 മണിക്കൂർ സമയത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഉടനെത്തന്നെ തിരികെ ജയിലിലെത്തിക്കുകയായിരുന്നു. ഇതേ പ്രതികൾ തന്നെ മുമ്പ് സമാനമായ രീതിയിൽ അക്രമം നടത്തിയിട്ടുണ്ട് അന്ന് പണം കൊടുത്ത് കേസ് ഒഴിവാക്കുകയായിരുന്നു. ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണി ഉയർത്തുന്ന ഇവരെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തണം.കേരളാ മെഡിക്കൽ സർവീസസ് കോർപറേഷനിലെ കരാർ ജീവനക്കാരനായ ഒന്നാം പ്രതി കെ.അരുണിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും സജീവൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ,ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, മേഖലാ ട്രഷറർ ടി.വി.ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.