കോഴിക്കോട് : കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കപറമ്പ് അങ്കണവാടിയിൽ ഇന്റർനെറ്റ് സൗകര്യം അതിവേഗത്തിലാക്കാൻ വൈഫൈയുമായി അധികൃതർ.
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന വ്യാപക പദ്ധതിയുടെ ഭാഗമായാണ് വൈഫൈ ഒരുക്കുന്നത്. കുട്ടികളുടെ പഠന മികവ് ഉയർത്തുക, പഠന വിഷയങ്ങളിൽ കൂടുതൽ അറിവ് നേടുന്നതിനു സഹായിക്കുക, പൊതുപരീക്ഷകളിൽ മികവു വർദ്ധിപ്പിക്കുക, പാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്റർനെറ്റ് സൗകര്യത്തോടെ കുട്ടികളുടെ സർഗാത്മകതയും പഠനമികവും ഉയർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും വേഗമേറിയ ഇന്റർനെറ്റ് സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പറഞ്ഞു.പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിനായി ഒരു അങ്കണവാടിയിൽ വൈഫൈ സ്ഥാപിക്കാൻ 2500 രൂപയാണ് വകുപ്പ് നൽകുന്നത്. റീചാർജ്, മറ്റ് പ്ലാൻ തുകകൾ പഞ്ചായത്ത് വഹിക്കണം. വൈഫൈ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് നെല്ലിക്കപറമ്പ് അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിക്കും.