കുറ്റ്യാടി: കാലാവസ്ഥാവ്യതിയാനവും മഹാരോഗങ്ങളും മൂലം മലയോര മേഖലയിലെ കർഷകർ ആശങ്കയിൽ.
കാവിലുംപാറ, മരുതോങ്കര പ്രദേശത്തെ കർഷകരാണ് കാലം തെറ്റി പെയ്യുന്ന മഴയും മഹാരോഗങ്ങളും വില കുറവും, ഉത്പാദന ചെലവും മൂലം ബുദ്ധിമുട്ടുന്നത്. പിടിച്ചു നിൽക്കാനാകാതെ പലരും കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് മാറുകയാണ്.
മഴ മാറുമ്പോഴേക്കും തെങ്ങുകൾക്ക് കൂമ്പ് ചീയൽ രോഗം പടർന്നു പിടിക്കുകയാണ്. മണ്ഡരി ബാധയും, മഹാളി രോഗവും, കാർഷിക മേഖലയ്ക്ക് ഒഴിയാബാധയാവുകയാണ്.ഇതിനൊപ്പം നാളീകേരത്തിന്റെ വിലക്കുറവും കർഷകരെ പട്ടിണിയിലാക്കുകയാണ്. നാളികേരത്തിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പാടെ വിലയിടിഞ്ഞിരിക്കുകയാണ്.
പച്ച തേങ്ങയും, കൊപ്രയ്ക്കും വിപണിയിൽ വില കൂപ്പ് കുത്തി. മലയോര കർഷകരുടെ ഉപജീവന മാർഗ്ഗമായ ഗ്രാമ്പു, ജാതി, കൊക്കൊ തുടങ്ങിയ നാണ്യവിളകളുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. ചെടികളുടെ ഇലകൾ പൊഴിയുന്നതോടൊപ്പം, മയിൽ, വേഴാമ്പൽ, കാട്ട് പന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും ഏറിവരുകയാണ്. കാലാവസ്ഥാവ്യതിയാനം മൂലം കർഷകർ കാലങ്ങളായി ശീലിച്ച കൃഷിരീതികൾ എല്ലാം തന്നെ മാറി പോകുകയാണ്.
ജില്ലയിലെ നെല്ലിന്റെ കലവറയായ വേളം വയലുകളിൽ വെള്ളം കെട്ടി കിടക്കുന്നത് സർവസാധാരണ കാഴ്ച്ചയായി മാറുകയാണ്. റബ്ബർ, കുരുമുളക്, കശുമാങ്ങ, മാങ്ങ, ചക്ക, ഹൃസ്വകാല വിളകളായ പച്ചക്കറിക്കൃഷികൾക്കും കാലാവസ്ഥ വ്യതിയാനം വലിയ ദോഷം ചെയ്തിട്ടുണ്ട്.
തെങ്ങിനു മാത്രമാണു കനത്ത മഴ അൽപമെങ്കിലും ഗുണകരമായത്. എന്നാൽ നാളികേര ഉൽപാദനം കൂടിയതോടെ വില കുത്തനെ ഇടിഞ്ഞതും കർഷകർക്ക് ഇരുട്ടടിയായി. കനത്ത മഴയെ തുടർന്ന് എത്തിയ പ്രളയം കാർഷിക വിളകളുടെ രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നതായും മണ്ണിൽ നിന്ന് ആവശ്യത്തിനുള്ള പോഷകാംശങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകില്ലെന്നുമാണ് കർഷകർ പറയുന്നത്.മലയോര മേഖലയിൽ നിന്നും കുത്തിയൊലിച്ചു പെയ്യുന്ന മഴയിൽ മേൽമണ്ണും ഒപ്പം പോഷകങ്ങളും ഒഴുകിപോകുന്നതും കർഷകർക്ക് വിനയാവുകയാണ്.
തെങ്ങിന് കൂമ്പ് ചീയൽ, മണ്ഡരി ബാധ, മഹാളി രോഗം എന്നിവ വ്യാപകം
നാളികേരം വില കുത്തനെ ഇടിഞ്ഞു
ഗ്രാമ്പു, ജാതി, കൊക്കൊ ഉത്പാദനം കുറഞ്ഞു