കോഴിക്കോട് : ഞെളിയൻപറമ്പിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വേസ്റ്റ് എനർജി തെർമൽ പ്ലാന്റ് പദ്ധതിയുടെ ബയോമൈനിംഗ് ഉൾപ്പെടെ പ്രവൃ ത്തികൾ പുരോഗമിച്ചു വരികയാണെന്നും പദ്ധതി പൂർത്തിയാകുന്നതോടെ മാലിന്യ സംസ്‌ക്കരണത്തിന് പരിഹാരമുണ്ടാകുമെന്നും കോർപ്പറേഷൻ.

ഞെളിയൻപറമ്പിൽ മാലിന്യം നിക്ഷേപിക്കാൻ സ്ഥലമില്ലാത്തതു കാരണം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് തീ കൊടുക്കുന്നത് പതിവാണന്ന് വി. പി. ഇബ്രാഹിം നൽകിയ പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം.

പ്ലാന്റിന് ചുറ്റും വീടുകൾ വർദ്ധിച്ചതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിനായി വിൻഡ്രോ കമ്പോസ്റ്റിംഗ് രീതിയിലാണ് മാലിന്യം സംസ്‌ക്കരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിനായി 80,000 ചതുരശ്ര അടിയുള്ള ഷെഡും യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ദിനംപ്രതി 7080 ടൺ ജൈവ മാലിന്യം പ്ലാന്റിലെത്തുന്നുണ്ട്. ഇത് ഉണക്കി പൊടിച്ച് കാർഷികാവശ്യത്തിനായി വിൽപ്പന നടത്തുന്നു. കൂട്ടിയിട്ടിരിക്കുന്ന ജൈവ മാലിന്യത്തിൽ നിന്ന് ബയോ ഗ്യാസുകൾ ഉണ്ടാവുകയും അത് തീ പുകയുവാൻ കാരണമാവുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ നഗരസഭ തന്നെ തീ അണയ്ക്കുന്നുണ്ട്. പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കാറില്ലെന്നും അവ ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഷെഡിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.