കോഴിക്കോട്: സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നതിന് കള്ളകേസിൽ കുടുക്കിയും വധഭീഷണി ഉയർത്തിയും വേട്ടയാടുന്നതായി അദ്ധ്യാപകന്റെ പരാതി. നൊച്ചാട് ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ നൊച്ചാട് എ.എൽ.പി സ്‌കൂൾ അദ്ധ്യാപകൻ സി.കെ.അജീഷാണ് പരാതിയുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാണിച്ചെന്ന വ്യാജ പരാതി ചമച്ച് ജോലി നഷ്ടപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അജീഷ് ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡി.പി.ഐയ്ക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ തനിക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സ്‌കൂൾ മാനേജർക്ക് ഡി.പി.ഐയിൽ നിന്ന് നിർദ്ദേശം വന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച വിഷയത്തിൽ അജീഷിനെതിരെ നടപടി വേണമെന്ന് ടി.പി.രാമകൃഷ്ണൻ എം.എൽ.എയുടെ കത്തുൾപ്പെടെ ഹാജരാക്കിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ.പി.രാമചന്ദ്രൻ നായർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നൊച്ചാട് നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കാളിയായിരുന്നു. അതിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കാട്ടിയാണ് വ്യാജ പരാതി ചമച്ച് തന്റെ ജോലി ഇല്ലാതാക്കൻ ശ്രമിക്കുകയാണ്.
2012-ൽ സി.പി.എം വിട്ട അജീഷ് 2021 ഒക്ടോബറിലാണ് കോൺഗ്രസിൽ ചേരുന്നത്. അന്നുമുതൽ വധഭീഷണിയും മറ്റുമായി സി.പി.എം പ്രവർത്തകർ വിടാതെ പിന്തുടരുകയാണ്. മകന്റെ മുന്നിൽ നിന്നുൾപ്പെടെ തന്നെ അസഭ്യം പറയുകയും ടി.പി.ചന്ദ്രശേഖരന്റെ ഗതിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അജീഷ് പറഞ്ഞു.
വ്യാജ പരാതിയുടെ പേരിൽ എതിരാളികളെ ദ്രോഹിക്കാമെന്ന് സി.പി.എം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ ആരോപിച്ചു.