വളയം: വളയം മഞ്ഞപ്പള്ളിക്ക് സമീപത്തെ തരിശ് ഭൂമിക്ക് ഉടമസ്ഥാവകാശം ഉന്നയിച്ച് തർക്കം മുറുകുന്നു. 2004ൽ രണ്ട് സ്വകാര്യ വ്യക്തികളാണ് മൂന്നര ഏക്കർ തരിശ് ഭൂമിക്ക് അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. 18 വർഷങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ പ്രദേശം സമീപത്തെ കുട്ടികൾ കളിസ്ഥലമായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.എന്നാൽ ഇത് പുറമ്പോക്ക് ഭൂമിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനിടയിൽ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർ മൈതാനം കൈയേറാൻ ശ്രമിക്കുകയാണെന്ന പ്രചരണവും ഉണ്ടായി. എന്നാൽ ആയഞ്ചേരി കോവിലകത്തെ വലിയ രാജാവിൽ നിന്ന് നിയമാനുസൃതം ലഭിച്ച ഭൂമിയാണെന്നും ഇതിന്റെ അവകാശികളായ നൂറ്റി അമ്പതോളം പേർ ഉണ്ടെന്നും കേസിൽ അവകാശവാദം ഉന്നയിക്കുന്ന കുടുംബം പറയുന്നു. കൂടാതെ ഭൂമി വളയം ഗ്രാമ പഞ്ചായത്തിന്റെ പൊതു മൈതാനമാണെന്ന ബോർഡും കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.