കുന്ദമംഗലം: സ്ക്കൂൾ കലോത്സവങ്ങളുടെ തീരശ്ശീലയുയർന്നതോടെ അണിയറ കലാകാരന്മാരുടെ ജീവിതത്തിലും പുതു വെളിച്ചം പരക്കുന്നു. വെള്ളപ്പൊക്കവും കൊവിഡും തകർത്തെറിഞ്ഞ കാലങ്ങളിലെ നഷ്ടങ്ങൾ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ചമയ കലാകാരന്മാരടക്കമുള്ളവർ. നിറം മങ്ങിത്തുടങ്ങിയ ചമയ വസ്തുക്കൾ മാറ്രി പുത്തൻ സാമഗ്രികൾ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് പലരും.
കൊവിഡിൽ പട്ടിണി മൂലം ചമയ കലാകാമൻമാരുടെ അവസ്ഥ പരിതാപകരമായിരുന്നു. ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവർക്ക് പലിശയും കൂട്ടുപലിശയും കൂമ്പാരമായി. ജീവിക്കാൻ പലരും മറ്റ് തൊഴിൽ മേഖലകളിലേക്ക് ചേക്കേറി.വാങ്ങിവെച്ച വിലകൂടിയ മേക്കപ്പ് സാധനസാമഗ്രികൾ പൂർണ്ണമായും ഉപയോഗശൂന്യമായി. മേക്കപ്പ് ആവശ്യത്തിനായി വായ്പയെടുത്ത് പലയിടങ്ങളിൽനിന്നായി സംഘടിപ്പിച്ച നർത്തകിമാർക്കുള്ള അപൂർവ്വവും വിലപിടിപ്പുള്ളതുമായ ഉയയാടകൾ മിക്കതും നിറം മങ്ങി ഉപയോഗിക്കുവാൻ പറ്റാതെയായി.
സ്ക്കൂൾ കലോത്സവങ്ങളാണ് ഇക്കൂട്ടർക്ക് ആകെയുള്ള ആശ്വാസം. സെലിബ്രറ്റികളായ നടീനടന്മാർക്ക് സ്വന്തമായി മേക്കപ്പ് കലാകാരൻ ഉള്ളത് പോലെ സ്ക്കൂളുകൾക്കും പ്രാദേശികമായി സ്ഥിരം മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. പുതിയ കാലത്ത് പുറത്ത്നിന്ന്ഒട്ടേറെ പരാതികൾ വരാൻ സാദ്ധ്യതയുള്ള മേഖലയായതിനാൽ പരിചയമില്ലാത്ത മേക്കപ്പ് കലാകാരന്മാരെ വിളിക്കുവാൻ പല സ്ക്കൂൾ അധികൃതരും തയ്യാറായിരിക്കുകയില്ല. എന്നാൽ ഇത്തരം സ്ക്കൂളുകളിലെ കലാമേളകളിൽ മേക്കപ്പ് ജോലിക്ക് ലഭിക്കുന്ന തുക, മേക്കപ്പ് സാധനങ്ങൾ വാങ്ങുവാൻ പോലും തികയാറില്ലെ ന്നാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ പറയുന്നത്. ഡ്യൂപ്ലിക്കേറ്റ് മേക്കപ്പ് സാധനങ്ങൾ മാർക്കറ്റ് കയ്യടക്കിയതാണ് മറ്റൊരു ഭീഷണി. നിലവാരമുള്ള സാധനങ്ങൾ ഇന്ത്യക്ക് പുറത്ത്നിന്നാണ് വരുന്നത്. അതിന് വലിയ വിലയും നൽകണം . എന്നാൽ നിലവാരം കുറഞ്ഞ സാധനങ്ങൾകൊണ്ട് കുട്ടികളെ മേക്കപ്പ് ചെയ്യാൻ കഴിയില്ല. തീരെ മേക്കപ്പ് ഉപയോഗിക്കാത്തവരായിരിക്കും മിക്കകുട്ടികളും അവർക്ക് നല്ല ഗുണനിലവാരമുള്ള മേക്കപ്പ് സാധനങ്ങളേ ഉപയോഗിക്കാൻ നിർവാഹമുള്ളു. എന്നാൽ അതിനനുസരിച്ചുള്ള വേതനം മിക്കയിടങ്ങളിൽ നിന്നും ലഭിക്കുന്നില്ല എന്നാണ് ഈ രംഗത്ത് ദീർഘകാലം പ്രവൃത്തിപരിചയമുള്ളവരുടെ പരാതി.