നന്മണ്ട: ബസ് കാത്തിരിപ്പു കേന്ദ്രം മദ്യപാനികളുടെ താവളമായി മാറിയതോടെ യാത്രക്കാർ ദുരിതത്തിൽ. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ റോഡരികിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. നന്മണ്ട -നരിക്കുനി റോഡിൽ നേഷനൽ ബസ് കാത്തിരിപ്പു കേന്ദ്രമാണ് യാത്രക്കാർക്ക് അന്യമാകുന്നത്. രാവും പകലും ഇവരുടെ ഇരിപ്പും മദ്യപാനവും ഈ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ തന്നെ. യാത്രക്കാർക്കാവട്ടെ റോഡരികിൽ ബസ് കാത്ത് നിൽക്കണം . വാഹനങ്ങളുടെ ബാഹുല്യമുള്ള ഈ റോഡിൽ ഇത്തരത്തിലുള്ള ബസ് കാത്തിരിക്കൽ അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ഏതാനും ദിവസം മുമ്പ് ബസ് കാത്ത് നിൽക്കുന്ന പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച സംഭവം പൊതുചർച്ചയായെങ്കിലും തുടർ നടപടിയിലേക്ക് പോവാതെ താക്കീത് കൊടുത്ത് അവസാനിപ്പിക്കുകയായിരുന്നു. ചേളന്നൂർ എക്സൈസ് ഓഫിസ് നന്മണ്ടയിലുണ്ടെങ്കിലും അല്പം അകലെയുള്ള ഈ പ്രദേശത്ത് നടക്കുന്ന മദ്യ വിൽപ്പനയെക്കുറിച്ച് കണ്ട ഭാവം നടിക്കാത്ത അവസ്ഥയാണ്. ബസ് കാത്തിരിപ്പു കേന്ദ്രം യാത്രക്കാർക്ക് ഉപയോഗിക്കാൻ സാദ്ധ്യമാക്കണമെന്ന് വിവിധ റെസിഡൻസുകളും ക്ലബ്ബുകളും യുവജന സംഘടനകളും ആവശ്യപ്പെട്ടു.