കൊടിയത്തൂർ: കൊടിയത്തൂർ കട്ടിരിച്ചാൽ --നെല്ലിക്കാപറമ്പ് റോഡ് തകർന്ന് യാത്ര ദുഷ്കരം. റോഡിലെ കുണ്ടും കുഴിയും മൂലം യാത്രക്കാർ ഇതുവഴി സഞ്ചരിക്കാൻ പ്രയാസപ്പെടുകയാണ്. റോഡിലെ ടാറിംഗ് ആകെ ഇളകി ദുർഘടമായിട്ടും പഞ്ചായത്ത് കണ്ട ഭാവം നടിക്കാത്ത സാഹചര്യമാണ്. കൊടിയത്തൂർ -കാരശ്ശേരി പഞ്ചായത്തുകളിലെ കട്ടിരിച്ചാൽ --നെല്ലിക്കാപറമ്പ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്. മൂന്ന് വർഷം മുമ്പ് മുൻ പഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർഥന പ്രകാരം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർണമായും റീടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. അന്ന് വീതി കുറഞ്ഞ സ്ഥലങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലമുടമകളെ കണ്ട് റോഡ് വീതി കൂട്ടുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ പ്രധാനപ്പെട്ട ഈ റോസ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് പ്രയാസകരമായിട്ടും തിരിഞ്ഞു നോക്കാത്ത പഞ്ചായത്ത് നടപടിയിൽ സി.പി.എം മാട്ടു മുറി ബ്രാഞ്ച് പ്രതിഷേധിച്ചു.