കൊയിലാണ്ടി: ദേശീയ പാതയിലെ സീബ്രാ ലൈനുകൾ മാഞ്ഞതോടെ റോഡ് കുറുകെ കടക്കാനാകാതെ കാൽനടക്കാർ വലയുന്നു. ജീവൻ പണയംവെച്ചാണ് കാൽനടക്കാർ റോഡ് കുറുകെ കടക്കുന്നത്‍.

എസ്.ബി.ഐ., ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, താലൂക്ക് ആശുപത്രി , സാംസ്കാരിക നിലയം, കോടതി, ബസ് സ്റ്റാൻഡ്,​ മാർക്കറ്റ് എന്നിവിടങ്ങളിലാണ് സീബ്രൈ ലൈനുകൾ ഉണ്ടായിരുന്നത്.

എന്നിവിടങ്ങളിലുള്ള സീബ്രാ വരകളാണ് ഏതാണ്ട് പൂർണമായും മാഞ്ഞത്. പലയിടത്തും ചില നേർത്ത വരകൾ മാത്രമാണു ശേഷിക്കുന്നത്.

ടൗണിലെ സീബ്രൈ ലൈനുകൾ മാഞ്ഞു പോയിട്ട് മാസങ്ങളായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഇതോടെ ചീറിപ്പാഞ്ഞുവരുന്ന ചെറുതും വലുതുമായ വാഹനങ്ങൾക്കിടയിലൂടെ അതിസാഹസികമായാണ് വിദ്യാർത്ഥികളടക്കമുള്ളവർ റോഡ് കുറുകെ കടക്കുന്നത്. പൊലീസിന്റെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിൽ റോഡ് കുറുകെ കടക്കാൻ ഏറെ നേരമാണ് കാത്തുനിൽക്കേണ്ടി വരുന്നത്. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ് താലൂക്ക് ആശുപത്രി, കോടതി എന്നി വയുള്ളത്. കിഴക്ക് ഭാഗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നു. പീക്ക് ടൈമിൽ നിരവധി പേരാണ് ദേശീയ പാത മുറിച്ച് കടക്കുന്നത്. ഇതിൽ വയോജനങ്ങളാണ് റോഡ് മുറിച്ച് കടക്കാൻ കൂടുതലും ബുദ്ധിമുട്ടുന്നത്. പരസഹായത്തോടെ മാത്രമേ ഇവർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയുള്ളൂ.

നഗരത്തിലെയും മറ്റ് പ്രധാന ജംഗ്ഷനുകളിലും സ്‌കൂളിന് സമീപത്തുമെല്ലാം സീബ്രാലൈൻ അടയാളപ്പെടുത്തിയിരുന്നു. ഇവയും പാടെ മാഞ്ഞുപോയി. സീബ്രാ ലൈൻ ഇല്ലാത്തതിനാൽ വാഹനങ്ങൾ പലയിടത്തും നിറുത്താതെ പോകുകയാണ്. സീബ്രാ ലൈൻ ഉണ്ടായിരുന്ന ധാരണവെച്ച് യാത്രക്കാർ റോഡ് കുറുകെ കടക്കുന്നതിനിടെയാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. റോഡ് കുറുകെ കടക്കാൻ യാത്രക്കാർ ശ്രമിക്കുന്നതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതിനിടെ പിന്നാലെ എത്തുന്ന വാഹനം മുന്നിെല വാഹനത്തിൽ ഇടിക്കുന്നതും പതിവാണ്.

വളരെ പെട്ടെന്ന് തന്നെ സീബ്രാലൈനുകൾ പുനസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺ ഫോറം ആവശ്യപ്പെട്ടു.