മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കപറമ്പ് അങ്കണവാടിയിൽ ഇന്റർനെറ്റ് അതിവേഗത്തിലാക്കാൻ വൈഫൈ സ്ഥാപിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ 'വർണ്ണക്കൂട്ട്' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൈഫൈ ഒരുക്കിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത നിർവഹിച്ചു.

കുട്ടികളുടെ പഠന മികവ് ഉയർത്തുക, പഠന വിഷയങ്ങളിൽ കൂടുതൽ അറിവ് നേടുന്നതിനു സഹായിക്കുക, പൊതുപരീക്ഷകളിൽ മികവു വർധിപ്പിക്കുക, പാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

അങ്കണവാടി കുട്ടികൾക്ക് പുറമെ പ്രദേശത്തെ വിദ്യാർത്ഥിനികൾക്ക് പഠനകാര്യങ്ങൾക്കായും അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്കും വൈഫൈ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടാവും. എയർകണ്ടീഷൻ, ലൈബ്രറി സൗകര്യങ്ങളോട് കൂടിയ അങ്കണവാടിയാണിത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുക്കം സി.ഡി.പി. ഒ അനിതകുമാരി മുഖ്യാതിഥിയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ കരോട്ടിൽ , കുഞ്ഞാലി മമ്പാട്ട്, അഷ്രഫ് തച്ചാറമ്പത്ത്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ വിജില തുടങ്ങിയവർ പങ്കെടുത്തു.