@ ബസുകളും ലോറിയും കല്ലെറിഞ്ഞ് തകർത്തു
പ്രത്യേക ലേഖകൻ
കോഴിക്കോട്: എൻ.ഐ.എ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കോഴിക്കോട്ട് പരക്കെ അക്രമം. ബൈക്കുകളിൽ മുഖം മറച്ചെത്തിയ സംഘങ്ങൾ ബസുകൾക്കും ലോറിക്കും നേരെ കല്ലെറിഞ്ഞു.
മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകൾ തകർന്നു. നിർത്തിയിട്ട ലോറിയുടെ ചില്ലും തകർത്തു. കല്ലേറിൽ ലോറി ഡ്രൈവറുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ദേഹത്ത് ചില്ലുവീണ് മുറിവേറ്റു. ഏഷ്യാനെറ്റ് ന്യൂസ് വാർത്താ സംഘത്തിന് നേരെയും ആക്രമണമുണ്ടായി. വാർത്താ സംഘം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഇരുമ്പ് വടികൊണ്ട് അടിച്ച് തകർക്കാനും ശ്രമമുണ്ടായി.
സിവിൽ സ്റ്റേഷനു സമീപം രാവിലെ ഏഴോടെ കൽപ്പറ്റയിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസിനുനേരെയുണ്ടായ കല്ലേറിൽ ഡ്രൈവർ തിരുവമ്പാടി സ്വദേശി പാക്കുഴിപ്പറമ്പ് ശശിക്കാണ് പരിക്കേറ്റത്. ദേഹമാസകലം മുറിവേറ്റ ശശിയുടെ കാലിന് സാരമായ പരിക്കുണ്ട്. ചില്ല് തെറിച്ച് ബസിലുണ്ടായിരുന്ന നഴ്സുമാർക്കും പരിക്കേറ്റു. കല്ലായി റോഡ് പുഷ്പ ജംഗ്ഷനിൽ നിർത്തിയിട്ട ലോറിയ്ക്ക് നേരെ ഉണ്ടായ കല്ലേറിൽ ലോറിയുടെ ഗ്ലാസ് തകർന്ന് ചില്ല് തുളച്ചുകയറി ഡ്രൈവർ വർക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്ക് (45) കണ്ണിന് പരിക്കേറ്റു.
രാവിലെ എട്ടോടെയാണ് സംഭവം. ഉടമയുടെ വീട്ടിൽ നിന്ന് ലോറിയുമായി ഈറോഡിലേക്ക് പോകുന്നതിനിടെ ഹർത്താലായതിനാൽ റോഡരികിൽ നിർത്തിയിട്ടതായിരുന്നു. ഇരുചക്രവാഹനത്തിലെത്തിയവരാണ് കല്ലെറിഞ്ഞത്. കണ്ണിനും മൂക്കിനും പരിക്കേറ്റ ജിനു ഹബീബുള്ളയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണിൽ തുളച്ചുകയറിയ ചില്ല് മാറ്റാൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചെമ്മങ്ങാട് പൊലീസ് കേസെടുത്തു.
മാവൂർ റോഡ് കുരിശുപള്ളിക്ക് സമീപം ബംഗളുരുവിലേക്ക് സർവീസ് നടത്താനായി പാവങ്ങാട് ഡിപ്പോയിൽ നിന്ന് കൊണ്ടുവരികയായിരുന്ന ബസിന്റെ ചില്ല് അക്രമികൾ എറിഞ്ഞു തകർത്തു. ആർക്കും പരിക്കില്ല. നല്ലളത്ത് തൃശ്ശൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് അക്രമികൾ തകർത്തു. സിവിൽ സ്റ്റേഷന് മുന്നിൽ ബൈക്കിലെത്തിയവർ ബസിന്റെ ചില്ല് തകർത്തയുടൻ ഊടുവഴിയിലൂടെ രക്ഷപ്പെട്ടു.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്.
രാമനാട്ടുകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ചേലേമ്പ്ര പഴയ സ്പിന്നിംഗ് മില്ലിന് സമീപം ദേശീയപാതയിൽ ലോറിക്ക് നേരെ കല്ലേറുണ്ടായി. ഇന്നലെ രാവിലെ 9:20 നാണ് സംഭവം. ഇരുചക്ര വാഹനത്തിൽ വന്ന രണ്ടുപേർ കല്ലെറിയുകയായിരുന്നുവെന്ന് ലോറി ജീവനക്കാരൻ പറഞ്ഞു. കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോവുന്ന മത്സ്യലോറിക്ക് നേരെയാണ് കല്ലെറിഞ്ഞത്. ലോറിയുടെ ഇരുഗ്ലാസുകളും തകർന്നു. ലോറി ജീവനക്കാർ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. രാവിലെ ഇടിമുഴിക്കലിലെ ഹൽവാ സ്റ്റാളിന് നേരെയും കല്ലേറുണ്ടായിട്ടുണ്ട്.
അത്തോളി: അത്തോളിയിലും പരിസരപ്രദേശങ്ങളിലുംഹർത്താൽ സമാധാനപരംമായിരുന്നു. കടകൾ അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകളും ടാക്സികളും നിരത്തിൽ ഇറങ്ങിയില്ല.
ബാലുശ്ശേരി: വയലട മണിച്ചേരിയിൽ നിന്നും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലേയ്ക്ക് ഡയാലിസിസിന് രോഗിയുമായി പോയ ഓട്ടോറിക്ഷ ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്തു. താമരശ്ശേരി തച്ചംപൊയിലിൽ വെച്ചാണ് സംഭവം. ഒളിഞ്ഞിരുന്ന അക്രമികൾ ദുരെ നിന്ന് എറിഞ്ഞ് ഓടി മറയുകയായിരുന്നുവെന്ന് ഓട്ടോഡ്രൈവർ പറഞ്ഞു.
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാൻഡിലും പരിസരത്തും കടകൾ പൂർണമായും അടഞ്ഞുകിടന്നു. മുളിയങ്ങൽ, പാലേരി ഭാഗങ്ങളിൽ ചില കടകൾ തുറന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. തൊട്ടിൽപാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. മേഖലയിലെ സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ധനകാര്യ സ്ഥാപനങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടന്നു. പ്രവർത്തിച്ച സ്ഥാപനങ്ങളിൽ ഹാജർ നില കുറവായിരുന്നു.
മാവൂർ: മാവൂരിൽ ഹർത്താൽ ബാധിച്ചില്ല. അങ്ങാടിയിലെ കടകൾ രാവിലെ ഭാഗികമായി അടഞ്ഞുകിടന്നെങ്കിലും പിന്നീട് തുറന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കെ.എസ്.ആർ. ടി.സി ബസുകൾ പൊലീസ് സംരക്ഷണത്തോടെ സർവീസ് നടത്തി. വർഷങ്ങളായി ഹർത്താലിനും ബന്ദിനുമെതിരെ ശക്തമായ നിലപാട് എടുക്കുന്ന മാവൂർ പാറമ്മൽ അങ്ങാടിയിലെ വ്യാപാരികൾ മുഴുവൻ കടകളും തുറന്നു. പഴൂർ, കുറ്റിക്കടവ് പ്രദേശങ്ങളിലും കടകൾ തുറന്നു. ഹർത്താൽ അനുകൂലികളായ നസീർ, ബീരാൻകുട്ടി എന്നിവരെ മുൻകരുതൽ എന്ന നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാദാപുരം: പേരോട് വാഹനം തടഞ്ഞ ഹർത്താൽ അനുകൂലികളെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
വടകര: വടകരയിൽ ഹർത്താൽ പൂർണമായിരുന്നു. രാവിലെ സ്വകാര്യ വാഹനങ്ങൾ ഓടിയിരുന്നെങ്കിലും പിന്നീട് നിലച്ചു. ചോമ്പാല, വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിലരെ കരുതൽ കസ്റ്റഡിയിലെടുത്തു. പെരുവാട്ടും താഴെ റോഡിൽ ഹർത്താൽ അനുകൂലികൾ ടയറുകൾ കത്തിച്ച് പ്രതിഷേധിച്ചു.
സ്തംഭിച്ച് കോഴിക്കോട് നഗരം
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ സ്തംഭിച്ച് നഗരം. സ്കൂളുകൾ പൂർണമായി മുടങ്ങിയപ്പോൾ സർക്കാർ ഓഫീസുകളിൽ ഹാജർനില നാമമാത്രമായിരുന്നു. കട-കമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. മിഠായിത്തെരുവും പാളയവും വലിയങ്ങാടിയും അടഞ്ഞതോടെ നഗരം ശൂന്യമായി. മറ്റ് ഹർത്താലുകളിൽ സ്വകാര്യ വാഹനങ്ങൾ വ്യാപകമായി നഗരത്തിലിറങ്ങാറുണ്ടെങ്കിൽ ഇന്നലെ വാഹനങ്ങൾ വിരളമായിരുന്നു. അതേസമയം പരക്കെ അക്രമമുണ്ടായെങ്കിലും പൊലീസ് സംരക്ഷണത്തിൽ ഭൂരിപക്ഷം കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തി. 30 സർവീസുകളാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ നിന്ന് നടന്നത്. എന്നാൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. റെയിൽവേ യാത്രക്കാരാണ് വാഹനം കിട്ടാതെ ഏറെ ദുരിതത്തിലായത്.
ജില്ലയിൽ 28 കേസുകൾ
കോഴിക്കോട്: പോപ്പുലർഫ്രണ്ട് ആഹ്വാനംചെയ്ത സംസ്ഥാന ഹർത്താലിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളിൽ കോഴിക്കോട് ജില്ലയിൽ 28 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 43 പേർ പ്രതികളാണ്. റൂറൽ പൊലീസ് ജില്ലയിൽ 23 പേർക്കെതിരെ 17 കേസുകളും സിറ്റി കമ്മിഷണറുടെ പരിധിയിൽ 20 പേർക്കെതിരെ 11 കേസുകളും. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.