നാദാപുരം: ഹർത്താലിനെയും പൊള്ളുന്ന വെയിലിനെയും വക വയ്ക്കാതെ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് നാദാപുരം പഞ്ചായത്ത് 10ാം വാർഡ് മെമ്പർ വി.സി നിഷയും,പൊതുമരാമത്ത് കുറ്റ്യാടി റോഡ്സ് ഓവർസിയർ ഇ പി ശരണ്യയും . കല്ലാച്ചി മെയിൻ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന അടിയന്തിര പ്രവൃത്തിയുടെ ഭാഗമായി കല്ലാച്ചി പെട്രോൾ പമ്പിന് മുൻവശം മെയിൻ റോഡിന് കുറുകേ ഓവുചാൽ നിർമ്മിക്കുന്ന പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കാനാണ് കരാറുകാരോടൊപ്പം ഇവരും എത്തിയത്. മന്ത്രി പി.എ മുഹമ്മദ് റിയാസിന് സി.പിഐ എം ഏരിയാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിനിടെ പാർട്ടി ഏരിയ സെക്രട്ടറി പി.പി ചാത്തുവും, ടൗണിലെ വാർഡ് മെമ്പർമാരും ചെറിയ മഴ പെയ്താൽ പോലും തോടായി മാറുന്ന കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. മന്ത്രി ഉടൻ തന്നെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. 25 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തിയാണ് നടക്കുന്നത്. കല്ലാച്ചി ടൗണിലെ നിലവിലെ ഓവുചാൽ കുമ്മങ്കോട് റോഡിലേക്ക് കുടി തിരിച്ചുവിട്ട് വെള്ളക്കെട്ട് പരിഹരിക്കാനാണ് ഈ പ്രവൃത്തി .