കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണം തകൃതി. നിർദ്ദിഷ്ട ബൈപ്പാസിൽ നിലവിൽ രണ്ട് അടിപ്പാതകളും ഒരു ഓവർ ബ്രിഡ്ജ് മാണുള്ളത്. അതിൽ മുത്താമ്പി റോഡിലെ അടിപ്പാതയുടെ നിർമ്മാണത്തിന് തുടക്കമായി. പതിനൊന്ന് കിലോമീറ്റർ ദൈർഘ്യമാണ് റോഡിന്. നിലവിലെ രണ്ട് അടിപ്പാതയ്ക്കും ഒരു മേൽപ്പാതയ്ക്കും പുറമെ മൂന്നിടത്തു കൂടി ബൈപ്പാസ് മുറിച്ച് കടക്കാൻ സംവിധാനം ഒരുക്കണമെന്ന് സ്ഥലം എം.എൽ.എ. ദേശീയ പാത അതോറിറ്റിയോടും പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിൽ ബസാർ, ആനക്കുളം മുചുകുന്ന്, പന്തലായനി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് സംവിധാനം വേണമെന്നാവശ്യപ്പെട്ടത്. കരാർ എടുത്ത അദാനി കമ്പനി വിഷയം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പന്തലായനി ഹൈ സ്കൂളിലേക്ക് വഴി അത്യാവശ്യമാണന്ന് സ്കൂൾ പി. ടി. എ യും ആവശ്യമുന്നയിച്ചിട്ടുണ്ട്. മുത്താ മ്പി റോഡിലെ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താല്കാലിക റോഡ് ടാർ ചെയ്യണമെന്നാവശ്യവുമുയർന്നിരിക്കയാണ്. സമീപത്തെ വീടുകളിലേക്ക് പൊടി പാറുന്നത് വലിയ പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. 2024 ഏപ്രിൽ മാസത്തോടെ ബൈപ്പാസിന്റെ പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് കരാർ കമ്പനി പറഞ്ഞു. അതോടെ നഗര ഹൃദയത്തിലെ ഗതാഗത കുരുക്കിന് എന്നന്നേക്കുമായി പരിഹാരമാവുകയും ചെയ്യും.