കോഴിക്കോട് : 'നീരുറവ് 'സമഗ്ര നീർത്തട പദ്ധതിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീർത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീർച്ചാലുകളുടെയും അവ ഉൾപ്പെടുന്ന നീർത്തടത്തിന്റെയും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
പഞ്ചായത്തിലെ കൂട്ടക്കര നീർത്തട പ്രദേശത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. പ്രദേശത്ത് നടപ്പിലാക്കാൻ കഴിയുന്ന പ്രവൃത്തികൾ കണ്ടെത്തുന്നതിനുള്ള സർവ്വേ നടപടികൾ ആരംഭിച്ചു. ചെക്ക് ഡാമുകൾ, കിണർ റീചാർജ്, ഫലവൃക്ഷ കൃഷിയിടങ്ങൾ, പുരയിടങ്ങളിൽ മഴക്കുഴി നിർമ്മാണം, മാലിന്യ സംസ്‌കരണം, ജലസ്രോതസുകൾ പുനരുജ്ജീവിപ്പിക്കൽ, വ്യക്തിഗത ആസ്തി വികസനത്തിനായി തൊഴുത്തുകൾ, ആട്ടിൻ കൂടുകൾ, കോഴിക്കൂടുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കും. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
നീർത്തടത്തിലെ ചെറിയ നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി ഓരോ നീർചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനയോജ്യമായ പരിപാലന പ്രവൃത്തികൾ നടത്തും. മണ്ണിനെയും ജലത്തെയും സംഭരിക്കാനും ജൈവസമ്പത്ത് വർദ്ധിപ്പിക്കുവാനും കാർഷികാഭിവൃദ്ധിയും ജനങ്ങളുടെ ജീവനോപാധിയും മെച്ചപ്പെടുത്തുന്നതിനും നീരുറവ നീർത്തട പദ്ധതിയിലൂടെ സാധ്യമാകും.