tax

കോഴിക്കോട്: വർഷത്തിൽ അഞ്ച് ശതമാനം നികുതി വർദ്ധിപ്പിക്കാനും ഭൂമിയുടെ തറവിലയ്ക്ക് അനുസരിച്ച് കെട്ടിട നികുതി ചുമത്താനുമുള്ള സർക്കാർ നീക്കത്തിനെതിരെ കെട്ടിട ഉടമകൾ. വാടകയേക്കാൾ കൂടുതൽ നികുതി വന്നാൽ താങ്ങാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്. ആറാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമാണ് നികുതി പരിഷ്കാരമെന്നാണ് അറിയാൻ കഴിയുന്നത്. പല കെട്ടിടങ്ങൾക്കും തുച്ഛമായ വാടകയാണ് ലഭിക്കുന്നത്. മാത്രമല്ല കൊവിഡ് കാലത്ത് പല കട ഉടമകളും വാടക ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ഇതൊന്നും ബാധകമല്ലെന്ന രീതിയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നികുതി പിരിച്ചെടുക്കുകയാണ്. തുച്ഛമായ വാടക നൽകുന്ന ചിലർ കെട്ടിട ഉടമ അറിയാതെ വലിയ തുകയ്ക്ക് മറു വാടകയ്ക്ക് നൽകുന്നുണ്ട്. ഇത് ഒഴിവാക്കാൻ കെട്ടിട ഉടമയുടെ സമ്മതപത്രമില്ലാതെ ലൈസൻസ് പുതുക്കിക്കൊടുക്കരുതെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നാണ് കെട്ടിട ഉടമകളുടെ ആവശ്യം.

കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച കളക്ടറേറ്റ് ധർണ നടത്തും.

ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പാഴേരി ഷെരീഫ് ഹാജി മുഖ്യപ്രഭാഷണം നടത്തും.