കോഴിക്കോട് : രാഷ്ട്രീയ കേരളത്തിലെ ചടുലമായ ഒരു അദ്ധ്യായത്തിനാണ് ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ തിരശീല വീഴുന്നതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ രാഘവൻ എം.പി.

വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ ആര്യാടനുമായി ആത്മബന്ധം പുലർത്താൻ സാധിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾക്ക് സമചിത്തതയോടെ പരിഹാരം തേടുകയും പ്രതിസന്ധികളിൽ വഴികാട്ടുകയും ചെയ്ത സഹോദരനെയാണ് നഷ്ടമാകുന്നത്. രാഷ്ട്രീയ കേരളത്തിൽ തന്ത്രപരമായ നിലപാടുകളിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം ജനകീയതയുടെ പര്യായമായിരുന്നു.നിയമസഭാ സാമാജികൻ എന്ന നിലയിൽ ആര്യാടൻ തലമുറകൾക്ക് റഫറൻസ് പുസ്തകമായിരുന്നു. സംഘാടകൻ എന്ന നിലയിൽ അനിതര സാധാരണമായ മികവാണ് ആര്യാടൻ മുഹമ്മദ് പുലർത്തിയത്. കോൺഗ്രസ് പാർട്ടിയും പാർട്ടി നയിച്ച സർക്കാറുകളും പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അദ്ദേഹം നടത്തിയ തന്ത്രപരമായ ഇടപെടലുകൾ അവിസ്മരണീയമാണ്. വാഗ്മി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഓർമ്മളും ബുദ്ധിശക്തിയും അത്ഭുതപ്പെടുത്തുന്നതാണ്. തനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങൾ അദ്ദേഹം എവിടെയും ഉന്നയിച്ചിരുന്നു. മുന്നണി സംവിധാനത്തിൽ യു.ഡി.എഫിനെ കരുത്തുറ്റതായി നിലനിർത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ മലബാറിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റി എഴുതി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കോൺഗ്രസ് ഭാരവാഹിയായ കാലത്ത് അദ്ദേഹം താഴെത്തട്ടിൽ ഇറങ്ങി നിന്ന് സംഘടനയെ വളർത്തിയെന്ന് എം.കെ. രാഘവൻ പറഞ്ഞു.