മുക്കം: കാരശ്ശേരി കുവ്വപ്പാറ എസ്.സി കോളനിയിലുളളവർക്ക് ഇനി നല്ല കാലം . കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് അംബേദ്കർ ഗ്രാമ വികസനപദ്ധതി നടപ്പാക്കുന്നു. അടിസ്ഥാന വികസനത്തിന് പുറമെ മികച്ച സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരള സർക്കാർ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുവ്വപ്പാറ എസ്.സി കോളനിയിൽ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് അനുവദിച്ചത്. കർമ്മപരിപാടികൾ ആവിഷ്‌കരിക്കുന്നതിനും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനുമായി ലിന്റോ ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ യോഗം ചേർന്നിരുന്നു. കോളനിയിൽ നടപ്പിലാക്കേണ്ട വികസന പ്രവൃത്തികൾ ലിസ്റ്റ് ചെയ്ത് പ്രഥമ പരിഗണന നൽകേണ്ട വിഷയങ്ങൾക്ക് മുൻതൂക്കം നൽകി വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പട്ടിക ജാതി വികസന ഓഫിസർ കെ.പി ഷാജി പറഞ്ഞു. കേരള സർക്കാർ പൊതു മേഖല സ്ഥാപനമായ കെ.ഇ.എൽ ലാണ് പദ്ധതി നിർവഹിക്കുന്നത്.