നാദാപുരം: വാണിമേൽ പഞ്ചായത്തിലെ വൻകിട കരിങ്കൽ ഖനനത്തിന് കളമൊരുങ്ങുന്ന ചിറ്റാരി മലയിലെ പദ്ധതി പ്രദേശത്ത് വാണിമേൽ ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി പഠനം നടത്തി. സംരക്ഷിത വനത്തോട് ചേർന്നുള്ള ചെങ്കുത്തായ കുന്നുകളിൽ ഖനനം നടന്നാൽ വംശനാശ ഭീഷണികൾ നേരിടുന്നതടക്കമുള്ള ഒട്ടേറെ ജൈവ സമ്പത്തുക്കൾക്ക് സമ്പൂർണ നാശം നേരിടുമെന്ന് സംഘം വിലയിരുത്തി. തിരികക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള തോടുൾപ്പെടെ നിരവധി കാട്ടാറുകൾ ഉൽഭവിക്കുന്നത് ഖനന പ്രദേശത്തു നിന്നാണ്. ഇതിൽ ചില കാട്ടാറുകളുടെ ഉദ്ഭവസ്ഥാനങ്ങൾ നികത്തിയതും, വഴി തിരിച്ചുവിട്ടതും പഠന സംഘം കണ്ടെത്തി. സംരക്ഷിത വനത്തിനോട് ചേർന്ന് നടക്കുന്ന സ്ഫോടനങ്ങളും, വെടിമരുന്ന് ഗന്ധവും ജൈവസമ്പത്തുകളുടെ സർവനാശത്തിന് കാരണമാകാനിടയുണ്ട്. സ്ഫോടനത്താലുള്ള പ്രകമ്പനം കിലോമീറ്ററുകളോളം പാറക്കെട്ടുകൾ ഇളകാനും കാരണമായേക്കാം. ഖനന മേഖലക്ക് തൊട്ടടുത്തുള്ള വെൽഫെയർ സ്കൂളും, ആദിവാസി കോളനികളും, ഉൾപെടെ മലയോരത്തെ നൂറുക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്റോതസിനും, അവരുടെ ജീവനും സ്വത്തിനും വരെ ഭീഷണിയായി മാറാനിടയുണ്ട്. പ്രദേശത്തെ ആദിവാസി സമൂഹമുൾപെടെയുള്ള ജനത വലിയ ആശങ്കയാണ് സംഘത്തിന് മുമ്പാകെ ഉന്നയിച്ചത്. നേരത്തെയുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് മനുഷ്യജീവനുകൾ നഷ്ടപ്പെട്ട പ്രദേശം കൂടിയാണിത്. ഉപസമിതി തയാറാക്കിയ പ്രാഥമിക പഠന റിപ്പോർട്ട് ഗ്രാമപഞ്ചായത്തിനും, ജില്ലാ ജൈവ വൈവിധ്യ ബോർഡിനും, ബന്ധപ്പെട്ട അധികാരികൾക്കും സമർപ്പിക്കുമെന്നും, ഖനനത്തിന് വിവിധ വകുപ്പുകൾ നൽകിയ അനുമതികൾ പുനപരിശോധിക്കണമെന്നുമാണ് സമിതിയുടെ വിലയിരുത്തൽ. ജൈവവൈവിധ്യ പരിപാലന സമിതി ചെയർപേഴ്സൺ കെ.നജ്മ അംഗങ്ങളായ കെ.പി.രാജീവൻ, ടി.കെ.നാസർ, ടി.നഫീസ, പ്രേരക് സി.പി.വിനീശൻഎന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ജൈവസമ്പത്തുക്കളുടെ കേന്ദ്രം
ഒട്ടേറെ ഔഷധ സംസ്യങ്ങൾ, വന്യമൃഗാദികളാലും, സംരക്ഷിത വിഭാഗത്തിൽ പെട്ട വേഴാമ്പൽ ഉൾപെടെയുള്ള പക്ഷി വർഗങ്ങളും, രാജവെമ്പാലയുൾപെടെയുള്ള ഉരഗ ജീവികളും ഉൾപെടെ ധാരാളം ജൈവസമ്പത്തുക്കളുടെ ആവാസ മേഖലയാണ് ഈ പ്രദേശം.