thuruth
ഏറാമല നടുത്തുരുത്തി

വടകര: ടൂറിസം വികസനത്തിന്റെ സാദ്ധ്യതകൾ തേടി അഴക് നിറയ്ക്കുന്ന കാഴ്ചകളുമായി നടുത്തുരുത്തി.

ഏറാമല പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് അഞ്ചേക്കർ വിസ്തൃതിയിൽ ഈ കൊച്ചു തുരുത്ത് സ്ഥിതി ചെയ്യുന്നത്. തെങ്ങുകളും കണ്ടൽക്കാടുകളും കൂവ ചെടികളും നിറഞ്ഞ് കിടക്കുന്ന തുരുത്തിന്റെ ഭംഗി ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. എന്നാൽ അടിസ്ഥാന സൗകര്യവും യാത്രാസൗകര്യവുമില്ലാത്തത് സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കാഞ്ഞിരക്കടവ് പാലത്തിൽ നിന്നും എടച്ചേരി പഞ്ചായത്തിലെ കച്ചേരി, പാനൂർ നഗരസഭയിലെ കിടഞ്ഞി എന്നിവിടങ്ങളിൽ നിന്ന് നോക്കെത്തും ദൂരത്താണ് നടുത്തുരുത്തി എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നതെങ്കിലും നാട്ടുകാരിൽ തന്നെ പലർക്കും ഇങ്ങനെ ഒരു ദ്വീപിനെക്കുറിച്ച് അറിവില്ല. വിനോദത്തിനും വിജ്ഞാനത്തിനും പാകപ്പെടുത്തി എടുക്കാനുതകുന്ന കൊച്ചു തുരുത്തിൽ സ്ഥിരതാമസക്കാരായി രണ്ടു കുടുംബങ്ങളാണുളളത്.

സഹോദരങ്ങളായ ജാനുവും കല്യാണിയുമാണ്‌ ഇവിടെ താമസം. അടുത്ത കാലത്താണ് ജാനുവിന്റെ വീട് പുതുക്കിപ്പണിതത്. കല്യാണിയുടെ വീട് പണിയും പുരോഗമിക്കുകയാണ്. എന്നാൽ പ്രളയത്തിൽ വീട് പണിക്കായി ഒരുക്കിയ വസ്തുക്കളടക്കം പുഴയെടുത്തു. ഇപ്പോഴും വീടിന്റെജനലുകൾക്ക് വാതിലുകൾ ഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇരുവർക്കും സർക്കാറിന്റെ ലൈഫ് പദ്ധതിയിൽ ഫണ്ട് അനുവദിച്ചിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ടാണ് കിടപ്പെങ്കിലും മുമ്പ് കുടിവെള്ളം കരിയാടു നിന്നും തോണിയിലാക്കി എത്തിക്കുകയായിരുന്നു. ഇപ്പോൾ ഏറാമലയിൽ നിന്നും വൈദ്യുതിയും പൈപ്പുവെള്ളവും എത്തിക്കുന്നുണ്ട്. പാമ്പുകളടക്കമുള്ള ക്ഷുദ്രജീവികളുടെ ആക്രമണവും ഇരു കുടുംബങ്ങളും ഇപ്പോൾ നേരിടുകയാണ്.ഈ രണ്ടു കുടുംബങ്ങളെയും സംരക്ഷിച്ച്‌ നടുത്തുരുത്തിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ വിനോദ സഞ്ചാര വകുപ്പ്‌ മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാണ്.

നടുത്തുരുത്തി നാടറിയും

കിടഞ്ഞിയിൽ നിർമാണം പുരോഗമിക്കുന്ന മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ബോട്ടുജെട്ടിയും പാനൂർ നഗരസഭയെയും എടച്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലവും പൂർത്തിയാകുന്നതോടെ നടുത്തുരുത്തിയുടെ മുഖഛായ മാറും.