school
school

കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ സംസ്ഥാനത്തെ സർക്കാർ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവുണ്ടായെങ്കിലും അതിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങളോ അധ്യാപകരുടെ എണ്ണമോ വർദ്ധിച്ചില്ല. പരിമിതമായ സൗകര്യങ്ങളിലാണ് ജില്ലയിലെ പല വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത്. ഇത് കുട്ടികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുകയാണ്.

ആവശ്യമായ കെട്ടിടങ്ങളുടെ കുറവ് മൂലം പല വിദ്യാലയങ്ങളിലെയും യു.പി വിഭാഗത്തിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1: 35ൽ നിന്നും 1:60 ൽ എത്തിനിൽക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നമ്മുടെ സ്കൂളുകൾ ഉയർത്തപ്പെടുമ്പോഴാണ് ചില സ്കൂളുകൾക്ക് ഈ ദുരവസ്ഥ. സ്കൂളുകൾക്ക് ആവശ്യമായ കെട്ടിടങ്ങൾ ഉണ്ടായിട്ടും പ്രവർത്തനാനുമതി ലഭിക്കാത്തതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമായി നിലനിൽക്കുന്നത്.

കുട്ടികൾ കൂടുന്നതിനൊപ്പം സ്കൂളുകളിലെ കെട്ടിടസൗകര്യങ്ങളും വർദ്ധിച്ചാൽ മാത്രമേ അനുപാതത്തിന് അനുസൃതമായി അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടുകയുള്ളൂ. കെട്ടിട സൗകര്യത്തിന്റെ അപര്യാപ്തത അദ്ധ്യാപകക്ഷാമത്തിലേക്ക് നയിക്കുന്നു. ഇതുവഴി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൂടിയാണ് നിഷേധിക്കപ്പെടുന്നത്.

ജില്ലയിലെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തപ്പെട്ട ജി.വി.എച്ച്.എസ്.എസ് ഗേൾസ് നടക്കാവ്, ജി.യു.പി.എസ് നടുവണ്ണൂർ, ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളേജ് കാമ്പസ് എന്നീ സ്കൂളുകൾ ഉൾപ്പെടെ പല സ്കൂളുകളിലും മതിയായ കെട്ടിട സൗകര്യമില്ല. കെട്ടിടത്തിന്റെ പണി പൂർത്തിയാകാത്തതും പ്രശ്നം സൃഷ്ടിക്കുകയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുമ്പോഴും അടിസ്ഥാനപ്രശ്നങ്ങളെ അവഗണിക്കരുതെന്നാണ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.