കോഴിക്കോട് : ജില്ലയിൽ ഓണാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച മികച്ച ദീപാലങ്കാരങ്ങൾ ക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ദീപാലങ്കാരത്തിനുള്ള അവാർഡിന് എൽ .ഐ. സി ഇന്ത്യയുടെ കോഴിക്കോട് ഡിവിഷൻ ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച രീതിയിൽ പൊതുസ്ഥലം അലങ്കരിച്ചതിനുള്ള അവാർഡ് മാതൃഭൂമിക്ക് ലഭിച്ചു. മികച്ച രീതിയിൽ ദീപലങ്കാരം ചെയ്ത മാൾ ഷോപ്പിംഗ് കോംപ്ലക്‌സ് വിഭാഗത്തിൽ ഗോകുലം ഗല്ലെറിയ മാൾ അവാർഡിനർഹമായി. ദീപാലങ്കാരം ചെയ്ത ഏറ്റവും മികച്ച ഗവണ്മെന്റ് ഓഫീസായി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസും , പൊതു ഓർഗനൈസേഷൻ വിഭാഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൌൺസിൽ ഓഫീസും തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച രീതിയിൽ ദീപാലാങ്കാരം ചെയ്ത വ്യാപരി കൂട്ടായ്മക്ക് എസ്.എം സ്ട്രീറ്റ് ട്രേഡേഴ്‌സിനെയും, മികച്ച ഹോട്ടൽ വിഭാഗത്തിൽ മാന്വൽ സൺസ് മലബാർ പാലസ് ഹോട്ടലിനെയും മികച്ച കച്ചവട സ്ഥാപന വിഭാഗത്തിൽ ജയലക്ഷ്മി സിൽക്‌സും , മികച്ച പൊതു സ്ഥാപന വിഭാഗത്തിൽ കോഴിക്കോട് കോർപറേഷനും അവാർഡിന് അർഹരായി . കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, ഹാർബർ എൻജിനീയയറിംഗ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജയദീപ്, ഇലുമിനേഷൻ കമ്മിറ്റി പ്രതിനിധി ക്യാപ്റ്റൻ കെ.കെ. ഹരിദാസ് എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്.
വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും അന്നേദിവസം കൈമാറും. ഒക്ടോബർ ഒന്നിന് മാനാഞ്ചിറ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ വൈകിട്ട് 3 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്‌കാരങ്ങൾ സമ്മാനിക്കും.