photo
വട്ടോളി ബസാറിൽ കിനാലൂർ റോഡിൽ ടാറിംഗ് നടത്താതെ മെറ്റലുകൾ നിരത്തിയ നിലയിൽ

ബാലുശ്ശേരി : സംസ്ഥാനപാത നവീകരണം ഇഴഞ്ഞ് നീങ്ങുന്നതിനാൽ പൊടിയിൽ നിന്ന് മോചനമില്ലാതെ വട്ടോളി ബസാർ. സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി ദുരിതത്തിലാണ് ജനങ്ങൾ.

കിനാലൂർ എസ്റ്റേറ്റ് റോഡിലേക്ക് വട്ടോളി ബസാറിൽ നിന്നും തിരിയുന്ന ഭാഗത്ത് അഴുക്ക്ചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട്

വെട്ടിപ്പൊളിക്കുകയും അഴുക്ക്ചാൽ നിർമ്മിച്ച ശേഷം കിനാലൂർ റോഡിലേക്ക് വാഹനങ്ങൾ കയറുന്നതിനായി ടാറിംഗിന് പകരം മെറ്റലും ക്വാറി വേസ്റ്റും ഇട്ട് നിരത്തിയത്. ആഴ്ചകൾ പലതും കഴിഞ്ഞെങ്കിലും ഇതുവരെ ടാറിംഗ് നടന്നിട്ടില്ല. വലിയ വാഹനങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് നിത്യേന കിനാലൂർ വ്യവസായ കേന്ദ്രത്തിലേക്ക് ഇതുവഴി പോകുന്നത്. വാഹനങ്ങൾ പോകുന്ന സമയത്ത് ഇവിടം പൊടിമയമാണ്. മറുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളൊന്നും കാണാൻ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല കിനാലൂർ ഭാഗത്തേയ്ക്ക് പോകുന്നവർ ബസ് കാത്തുനില്ക്കുന്നതും ഇവിടെയാണ്. കച്ചവടക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ബുദ്ധിമുണ്ടാക്കുന്ന ഇവിടം എത്രയും പെട്ടന്ന് ടാറിംഗ് നടത്തണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാനപാതയുടെ ബസ്റ്റ് സ്റ്റോപ്പിനു അല്പം അകലെയായി കടകൾക്ക് മുമ്പിൽ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്.

കടകൾക്ക് മുമ്പിലേക്ക് വാഹനങ്ങൾ എത്തിക്കാൻ കഴിയാത്തതിനാൽ കച്ചവടം നടക്കുന്നില്ലെന്ന പരാതിയുമുണ്ട്. അഴുക്ക്ചാൽ നിർമ്മിച്ച ഭാഗത്ത് സ്ലാബുകൾ നിരത്താത്തതും ജനങ്ങൾക്ക് കടകളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. എത്രയും പെട്ടന്ന് ഇവയ്ക്കെല്ലാം ശാശ്വത പരിഹാരം കാണണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.