കോഴിക്കോട് : വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ചു. വ്യാഴാഴ്ച രാവിലെ അത്യാഹിത വിഭാഗത്തിൽ പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തിയ വിദ്യാർത്ഥികൾ ഡോക്ടറെ മർദ്ദിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു. വയനാട് റോഡിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ് ഡോക്ടറെ മർദ്ദിച്ചത്. പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡോക്ടർക്കെതിരെ വിദ്യാർത്ഥിനികളും പരാതി നൽകിയിട്ടുണ്ട്.