mary

കോട്ടയം : ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിലെ അനീതിക്കെതിരെ സുപ്രീംകോടതി വരെ ഒറ്റയ്‌ക്ക് നിയമപോരാട്ടം നടത്തി സ്ത്രീകൾക്ക് പിതൃസ്വത്തിൽ തുല്യാവകാശം നൽകാനുള്ള വിധി സമ്പാദിച്ച പോരാളിയും, സാമൂഹ്യ, വിദ്യാഭ്യാസ പ്രവർത്തകയുമായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും, ലളിത് റോയിയും മക്കളാണ്.

ഭൗതികദേഹം ഇന്ന് രാവിലെ 10 വരെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. മേരി റോയി സ്ഥാപിച്ച കളത്തിപ്പടി പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വീട്ടുവളപ്പിൽ 11 നാണ് സംസ്കാരം. മേരി റോയിയുടെ ആഗ്രഹ പ്രകാരം സംസ്കാര ചടങ്ങുകൾ സ്വകാര്യമായിരിക്കും.

ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന 1986 ലെ സുപ്രീംകോടതി വിധി ഇന്ത്യയിലെ സ്ത്രീ വിമോചന പോരാട്ടത്തിലെ നാഴികക്കല്ലായി. ഒപ്പം മേരി റോയിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയവും.

കോട്ടയത്തെ ആദ്യ സ്കൂളുകളിലൊന്നായ റവ.റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺകുര്യന്റെ പേരക്കുട്ടിയും പി.വി.ഐസക്കിന്റെ മകളുമാണ്.1933 ൽ അയ്‌മനത്ത് ജനിച്ചു. കൊൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യുമ്പോൾ പരിചയപ്പെട്ട ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയാണ് ഭർത്താവ്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് കുട്ടികളുമായി പിതാവിന്റെ ഊട്ടിയിലെ വീട്ടിലെത്തിയെങ്കിലും അവിടെനിന്ന് പുറത്താക്കിയതോടെ ജന്മനാടായ കോട്ടയത്ത് എത്തുകയായിരുന്നു.

മേ​രി​ ​റോ​യി​യു​ടെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​മ​ന്ത്രി​മാ​രാ​യ​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ,​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​നു​ശോ​ചി​ച്ചു.