കോട്ടയം: മഴയിൽ പെയ്ത്തു വെള്ളം എത്തിയതോടെ കൊടൂരാറിന്റെ കൈവഴിയായ ചന്തത്തോട് നിറഞ്ഞുകവിഞ്ഞു. തോട് നിറഞ്ഞതോടെ സമീപത്തെ ചെറിയവഴിയും വെള്ളത്തിൽ മുങ്ങി. ഇതോടെ മലിനജലം മൂലം പ്രദേശവാസികളും ദുരിതത്തിലായി. ചന്തയിൽ നിന്നും കോടിമതയിലേക്ക് പോകുന്ന ഭാഗത്തായി എം.ജി റോഡിന് സമീപത്തുകൂടെയാണ് ചന്തത്തോട് ഒഴുകുന്നത്. ചന്തത്തോടിൽ മാലിന്യം നിറഞ്ഞതിനാൽ വെള്ളത്തിന് ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. തോടിന് സമീപം ആറോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. തോട് കരകവിഞ്ഞതോടെ ഈ വീടുകളിലേക്കുള്ള ചെറിയ റോഡും വെള്ളത്തിലായി. ഈ വെള്ളക്കെട്ടിൽ നീന്തി വേണം തോടിന് സമീപത്തെ താമസക്കാർക്ക് കടന്നുപോകാൻ.റോഡിൽ മുട്ടറ്റം വെള്ളവുമുണ്ട്. രാത്രിയിൽ റോഡറിയാതെ എത്തുന്നവർ തോട്ടിലെ വെള്ളക്കെട്ടിലേക്ക് വീണ് അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
രോഗഭീതി
മലിനജലം നിറഞ്ഞ റോഡിലൂടെയുള്ള യാത്ര സാംക്രമിക രോഗങ്ങൾ പകരുന്നതിനും ഇടയാക്കുന്നു. ആഴ്ചകൾക്ക് മുമ്പാണ് തോട്ടിന്റെ ആഴം വർദ്ധിപ്പിച്ചത്. എന്നിട്ടും ജലനിരപ്പ് ഉയർന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.