മണർകാട്: വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. മണർകാട് ഇല്ലിവളവ് പൂവത്തിങ്കൽ ജോജി തോമസിന്റെ ഭവനത്തിൽനിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കത്തീഡ്രലിൽ എത്തിച്ചു. ആർപ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും താഴത്തെ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൊടിമരം ചെത്തിമിനുക്കി കൊടിതോരണങ്ങൾ കെട്ടി അലങ്കരിച്ചു. തുടർന്ന് വയോജനസംഘത്തിലെ മുതിർന്ന അംഗം കൊടികെട്ടി.
പ്രോഗ്രാം കോഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്‌കോപ്പ പ്രാർഥിച്ച് ആശീർവദിച്ചു. കത്തീഡ്രൽ സഹവികാരിമാരായ കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്‌കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ. മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് കത്തീഡ്രലിന്റെ പടിഞ്ഞാറുവശത്തുള്ള കൽക്കുരിശിന് സമീപം കൊടിമരം ഉയർത്തി.