കോട്ടയം: എസ്.എൻ.ഡി.പി യോഗം 405-ാം നമ്പർ കോത്തല - മാടപ്പാട് ശാഖയിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം 10ന് നടക്കും.

യൂത്ത്മൂവ്മെന്റ്,വനിതാസംഘം, കുമാരീസംഘം, ബാലജനയോഗം, എസ്.എൻ.പുരം ദേവസ്വം, കുടുംബ യൂണിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ. വിശേഷാൽ പൂജ, സമൂഹപ്രാർത്ഥന, മോട്ടോർവാഹന റാലി, ഘോഷയാത്ര, സമ്മേളനം, പ്രഭാഷണം, പായസവിതരണം എന്നിവ നടക്കും. രാവിലെ 8.30ന് യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നിന്നും മോട്ടോർവാഹന റാലി. എസ്.എൻ.ഡി.പി. യോഗം യൂണിയൻ കൗൺസിലർ പി.വി വിനോദ് ഉദ്ഘാടനം ചെയ്യും. 3ന് വട്ടുകുളം ശ്രീനാരായണ നഗറിൽ ശാഖാ പ്രസിഡന്റ് ഇ.ആർ. ജ്ഞാനപ്രകാശി​ന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് വി.എം ശശി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. 3.30ന് വിവിധ കുടുംബയൂണിറ്റുകളിൽ നിന്നും എത്തിയിട്ടുള്ള ഘോഷയാത്ര വട്ടുകളം കവലയിൽ കേന്ദ്രീകരിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും.