
കോട്ടയം : പട്ടയം ലഭിച്ച ഭൂമി പോക്കുവരവ് ചെയ്ത് നൽകുന്നതിന് 15000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. ആനിക്കാട് വില്ലേജ് ഓഫീസറായ മറ്റക്കര വാണിയംപുരയിടം ജേക്കബ് തോമസ് (40) നെയാണ് അറസ്റ്റ് ചെയ്തത്. പട്ടയപ്രകാരം ലഭിച്ച
സ്ഥലം പോക്ക് വരവ് ചെയ്യുന്നതിനായി ആനിക്കാട് സ്വദേശി എബ്രഹാം ജോണാണ് വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും നടപടി ആകാത്തതിനാൽ വില്ലേജ് ഓഫീസറെ നിരവധി തവണ കണ്ടെങ്കിലും ഒഴിവാക്കി വിട്ടു. ആഗസറ്റ് 8ന് വീണ്ടും ഫോൺ മുഖേന ബന്ധപ്പെട്ടപ്പോൾ പോക്കുവരവ് ചെയ്തു നൽകുന്നതിന് 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം ശരിയാക്കിയ ശേഷം അറിയിക്കാമെന്ന് എബ്രാഹം മറുപടി നൽകി. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് മുൻപ് 15000 രൂപയുമായി വന്നാൽ ഇന്നലെത്തന്നെ പോക്കുവരവ് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വില്ലേജ് ഓഫീസർ എബ്രഹാമിനെ വീണ്ടും വിളിച്ചു. തുടർന്നാണ് വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി വിനോദ്കുമാറിനെ സമീപിച്ചത്. തുടർന്ന് ഡിവൈ.എസ്.പി രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഉച്ചയ്ക്ക് 12.30 ഓടെ വില്ലേജ് ഓഫീസിനകത്തുവച്ച് പണം കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു. ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.