തിരുവാർപ്പ്: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവോണത്തിന് പൂക്കളം ഒരുക്കാൻ നാട്ടിൽ നിന്നു തന്നെയുള്ള ബന്ദിപ്പൂക്കൾ. ഗ്രാമപഞ്ചായത്തി​ന്റെ പതിനഞ്ചാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ പൂക്കൃഷിയിൽ നിന്ന് ലഭിച്ച പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഞ്ചായത്തിൽ ആദ്യമായാണ് പൂക്കൃഷി നടത്തുന്നത്. 20 സെ​ന്റിലായി ആയിരത്തിലേറെ തൈകൾ നട്ടു. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ നിർവഹിച്ചു. വാർഡ് മെമ്പർ കെ.ബി ശിവദാസ് പങ്കെടുത്തു. പൂകൃഷിയെന്ന ആശയം ഏറ്റെടുത്ത പത്തു തൊഴിലാളികൾ പ്രതികൂല കാലാവസ്ഥ, കീടബാധ തുടങ്ങി നിരവധി പ്രതിസന്ധികളെ മറികടന്നാണ് കൃഷി വിജയിപ്പിച്ചത്. തിരുവാർപ്പ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണ ഇവർക്ക് സഹായമായി. ഉത്രാടദിനത്തിൽ 15 കിലോ പൂവിനുള്ള ഓർഡർ ലഭിച്ചിട്ടുണ്ട്. അടുത്ത വർഷം കൂടുതൽ സ്ഥലത്തേക്ക് പൂകൃഷി വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡ​ന്റ് പറഞ്ഞു.