കോട്ടയം : തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷിക്കുന്നത് പോലെയാണ് താൻ ഇവിടെ ഓണമാഘോഷിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. "പരമ്പരാഗത വസ്ത്രം ധരിക്കുമ്പോൾ ഒരു മനസുഖമുണ്ട്. മുണ്ടുടുക്കാനുള്ള നല്ലൊരവസരം കൂടിയാണ് ഓണം". പ്രസ് ക്ലബ്ബിൽ കേരളീയ വേഷത്തിലെത്തിയ കെ.കാർത്തിക് ത​ന്റെ ഓണം ഓർമ്മകൾ പങ്കുവച്ചു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതാണ് കേരളത്തിന്റെ പ്രത്യേകത. മൂന്നും നാലും പായസം കൂട്ടിയുള്ള ഓണസദ്യ ഇഷ്ടമാണ്. പാലടയാണ് ഏറ്റവും പ്രിയം. കേരളീയ സംസ്‌കാരമായും കോട്ടയവുമായും പൊരുത്തപ്പെട്ടു. ദൃശ്യം, മിന്നൽ മുരളി, കുറുപ്പ് തുടങ്ങിയ സിനിമകൾ ഇഷ്ടമായി. സാക്ഷരതയും സാമ്പത്തിക സാക്ഷരതയും ഏറ്റവും കൂടുതലുള്ള ജില്ലയാണ് കോട്ടയം. അതിന്റെ ഗുണം കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.