പാലാ : മരിയസദന്റെ നേതൃത്വത്തിൽ പഞ്ചായത്തുകൾതോറും നടപ്പാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള തലചായ്ക്കാനൊരിടം എന്ന മഹത്തായ കർമ്മപദ്ധതിയ്ക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സ്‌നേഹനിർമ്മിതമായ മനുഷ്യത്വത്തിന്റെയും ഉന്നതമായ സാമൂഹ്യബോധത്തിന്റെയും ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെയും സനാതനമായ സാംസ്‌കാരിക മൂല്യങ്ങളുടെയും വിളനിലമായി മാറി എന്നതാണ് പാലാ മരിയസദന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. മരിയസദനിൽ പുതുതായി നിർമ്മിച്ച സ്‌നേഹമന്ദിരത്തിന്റെ (ലോർഡ്‌സ് ഹോസ്‌പൈസ്) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വേദനിക്കുന്നവർക്ക് കൈത്താങ്ങാകുമ്പോഴാണ് മനുഷ്യജീവിതം സാർത്ഥകമാകുന്നത്. അല്ലാത്തതെല്ലാം വെറും പൊള്ളയാണെന്ന് നമ്മൾ തിരിച്ചറിയണമെന്ന് ബിഷപ്പ് പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും അദ്ദേഹം നിർവഹിച്ചു.

ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, മാണി സി. കാപ്പൻ എം.എൽ.എ, ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്, പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, അഡ്വ.നാരായണൻ നമ്പൂതിരി, മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോർജ് പഴയപറമ്പിൽ, നവജീവൻ പി.യു. തോമസ്, മുൻ എം.പി വക്കച്ചൻ മറ്റത്തിൽ, ഡോ. റോയി എബ്രാഹം കള്ളിവയലിൽ, പാലാ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച സേവനം നടത്തുന്ന സന്തോഷ് ജോസഫിനെയും, കുടുംബാംഗങ്ങളെയും ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചു നല്കിയ രാജി മാത്യു പാംമ്പ്‌ളാനിയേയും കുടുംബാംഗങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു.

പ്രമുഖ റോഡ് കരാറുകാരനായ രാജി മാത്യു പാംമ്പ്‌ളാനി തന്റെ മാതാപിതാക്കളായ പി.എസ്. മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും ഓർമ്മയ്ക്കായാണ് കെട്ടിടം നിർമ്മിച്ച് മരിയസദന് കൈമാറിയത്.