തെക്കേത്തുകവല: നാഷണൽ എക്‌സ് സർവീസ്‌മെൻ കോർഡിനേഷൻ കമ്മിറ്റി യൂണിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച തുക ചിറക്കടവ് സ്വദേശി രതീഷിന് നൽകി. പ്ലാവിൽ നിന്ന് വീണ് തളർന്നുകിടക്കുന്ന രതീഷിന്റെ ചികിത്സ സഹായമായാണ് തുക നൽകിയത്. യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പയ്യമ്പള്ളി തുക കൈമാറി. സെക്രട്ടറി എം.ബി അനിൽകുമാർ, എ.ആർ കുട്ടപ്പൻ നായർ, പ്രേമചന്ദ്രൻ നായർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ചെറുവള്ളി ഗവ.എൽ.പി സ്‌കൂളിലെ ലൈബ്രറിക്ക് യൂണിറ്റ് വൈസ്പ്രസിഡന്റ് വി.പി.രവീന്ദ്രൻ നായർ പുസ്തകങ്ങൾ കൈമാറി. നാട്ടിലെ പരാതികൾ, അതിർത്തിപ്രശ്‌നങ്ങൾ, കേസുകൾ മുതലായവയിൽ ഇടപെട്ട് രമ്യമായ പരിഹാരത്തിന് സെൽ രൂപവത്ക്കരിച്ച് പ്രവർത്തനം തുടങ്ങിയതായും ഭാരവാഹികൾ അറിയിച്ചു.