ഏഴാച്ചേരി: ഭക്തർക്ക് ഓണപ്പായസം വഴിപാടായി നടത്തുന്ന അത്യപൂർവ അനുഷ്ഠാനമുള്ള ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിലെ ഈ വർഷത്തെ ഓണപ്പായസ വഴിപാട് ഭക്തർക്ക് സമർപ്പിക്കാൻ തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി മുളവേലിപ്പുറം ഹരി നമ്പൂതിരിയെത്തും.

പൂരാടം നാളിൽ രാവിലെ 7.30നാണ് പായസം വിതരണം ചെയ്യാൻ ഹരി നമ്പൂതിരി വരുന്നത്. കാവിൻപുറം ക്ഷേത്രം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയിൽ നിന്ന് ഓണപ്പായസം ഹരി നമ്പൂതിരി ഏറ്റുവാങ്ങും. തുടർന്ന് ഭക്തർക്ക് ഓണപ്പായസം വിതരണം ചെയ്യും.

ദേവസ്വം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. പായസനിർമ്മാണത്തിന് നേതൃത്വം നൽകുന്ന മുരളി സ്വാമി, ഓണപ്പായസ വിതരണ സമിതി കൺവീനർ ബാബു പുലിതൂക്കൽ, ദേവസ്വം സെക്രട്ടറി ചന്ദ്രശേഖരൻ നായർ പുളിക്കൽ, സുരേഷ് ലക്ഷ്മി നിവാസ്, ജയചന്ദ്രൻ വരകപ്പള്ളിൽ, ഭാസ്‌കരൻ നായർ കൊടുങ്കയം, ത്രിവിക്രമൻ തെങ്ങുംപള്ളിൽ എന്നിവർ സംസാരിക്കും.

ഓണനാളിലുള്ള പായസം വഴിപാടിൽ പങ്കെടുക്കാനും പായസം പ്രസാദമായി ഏറ്റുവാങ്ങാനും ദുരെദിക്കുകളിൽ നിന്നുപോലും നൂറുകണക്കിന് ഭക്തരാണ് കാവിൻപുറം ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ഓണപ്പായസ വഴിപാട് ബുക്ക് ചെയ്യാൻ ക്ഷേത്രത്തിലെ ഫോൺ നമ്പർ 9745260444.