arrest

കോട്ടയം . സ്ഥിരം കുറ്റവാളികളായ ഏഴുപേരുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു. മീനച്ചിൽ തെങ്ങുംതോട്ടം പാറയിൽ ജോമോൻ (42), കടപ്ളാമറ്റം വയലാ വാഴക്കാലയിൽ രാജു (47), രാമപുരം തട്ടാറയിൽ അഖിൽ തോമസ് (22), രാമപുരം ചിറയിൽ അസിന്‍ (24), കൊല്ലപ്പള്ളി തച്ചുപറമ്പിൽ ദീപക് ജോൺ (27), അതിരമ്പുഴ കൊച്ചുപുരയ്ക്കൽ ആൽബിൻ കെ ബോബൻ (24), ഐമനം ചിറ്റക്കാട്ട് പുളിക്കപറമ്പിൽ ലോജി (25) എന്നിവരെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ജാമ്യം റദ്ദാക്കിയത്. കുപ്രസിദ്ധ കുറ്റവാളിയായ ജോമോന്‍ 2018ൽ പാലായിലെ ബാറിലെ ജീവനക്കാരനെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ജാമ്യ വ്യവസ്ഥ ലംഘിച്ചയാളാണ്. വധശ്രമം ഉൾപ്പെടെ 7 കേസുകളിൽ പ്രതിയാണ് രാജു. 2018 ൽ വീട്ടിൽ കയറി സ്വർണം മോഷ്ടിച്ച കേസിൽ പ്രതികളായ അഖിലും അസിനും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു. ഇരുവർക്കും നാല് കേസുകൾ വീതം നിലവിലുണ്ട്. സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയായ ദീപക്കിനെതിരെ 10 കേസുകൾ നിലവിലുണ്ട്. 2021 ല്‍ മോഷണ കേസിൽ പ്രതിയായ ലോജി ജാമ്യത്തിലിറങ്ങി 84 കാരനെ കത്തികൊണ്ട് ആക്രമിച്ചു. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും, റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി കാർ‌ത്തിക് പറഞ്ഞു.