പാലാ: അടുത്ത കാലത്ത് പാലാ നഗരഭരണ കർത്താക്കൾ ചെയ്ത ഏറ്റവും നല്ല കാര്യം ഏതെന്നു ചോദിച്ചാൽ ഏവർക്കും പറയാനുള്ള ഒറ്റ ഉത്തരം; നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മോഡുലാർ ടോയ്‌ലറ്റുകൾ തന്നെ ! ദിവസേന നഗരത്തിലെത്തുന്നവരും പാലാ വഴി കടന്നു പോകുന്നവരുമായ യാത്രക്കാർ ഏറെ വിഷമത്തോടെ പറഞ്ഞിരുന്ന കാര്യം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യക്കുറവിനെപ്പറ്റിയായിരുന്നു. നഗരസഭാധികാരികൾ ഏറെ പഴി കേട്ടതും ഇക്കാര്യത്തിൽത്തന്നെ. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിൽ നിരന്തരമായി നടത്തിയ നീക്കങ്ങൾ മോഡുലാർ ടോയ്‌ലറ്റുകൾ എന്ന ലക്ഷ്യത്തിലേയ്ക്ക് അടുത്തു . നഗരസഭാ ചെയർമാൻ ആന്റോ ജോസും ഭരണപ്രതിപക്ഷ കൗൺസിലർമാരും മോഡുലാർ ടോയ്‌ലറ്റുകൾ സ്ഥാപിക്കാനുള്ള ആശയത്തിന് പൂർണപിന്തുണയുമേകി.

ഇപ്പോൾനഗരസഭാ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമ്മിതമായ 8 മോഡുലാർ ടോയ്‌ലറ്റുകൾ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു കഴിഞ്ഞു.

ടൗൺ ബസ് സ്റ്റാൻന്റ്, ആയുർവേദ ആശുപത്രി, രണ്ടാം വാർഡിൽ ളാലം സ്‌കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും, മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ് പുതിയ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പാലാ ടൗൺ ബസ് സ്റ്റാന്റിൽ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ആയൂർവേദ ആശുപത്രിക്ക് അടുത്തുള്ള ടോയ്‌ലറ്റിലേക്ക് വെള്ളം എത്തിക്കാനുള്ള നടപടികൾ കൂടി പൂർത്തീകരിക്കണം.

12 ലക്ഷം രൂപ മുടക്കി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റീൽ നിർമ്മിത മോഡുലാർ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്. ഒരോ റൂമിനും 1000 ലിറ്റർ വാട്ടർ ടാങ്കും പ്രത്യേകം സെ്ര്രപിക് ടാങ്കും, വാഷ് ബേയ്‌സനും സ്ഥാപിച്ചിട്ടുണ്ട്. പുതിയ ടോയ്‌ലറ്റുകളുടെ പരിപാലനത്തിനായി ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.

പാലാ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മോഡുലാർ ടോയ്‌ലറ്റുകൾ സ്ഥാപിച്ച നഗരഭരണാധികാരികളെ അഭിനന്ദിക്കുന്നു. മാതൃകാപരമായ നടപടിയാണിത്

ജോയി കളരിക്കൽ
പാലാ പൗരാവകാശ സമിതി പ്രസിഡന്റ്‌