rubber

കോട്ടയം . റബർ വില കുതിച്ചുയരേണ്ട മൺസൂൺ കാലത്ത് ഒരു കിലോയ്ക്ക് കുറഞ്ഞത് 22രൂപ. ഒരാഴ്ചയ്ക്കുള്ളിൽ 10രൂപയും കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 30 രൂപയുടെ വില വ്യത്യാസവും ഉണ്ടായതോടെ റബർ വെട്ടുന്നത് നഷ്ടക്കച്ചവടവും കർഷകർക്ക് കണ്ണീരോണവുമായി.

180 രൂപ വരെ ഉയർന്ന ശേഷമാണ് 150ലേക്ക് വില കൂപ്പുകുത്തിയത്. ഒരു കിലോ ഷീറ്റിന് ചെലവ് 200 രൂപ വരെ ഉയർന്നതോടെ റബർ കൃഷികൊണ്ട് ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി. മഴക്കാലത്ത് വില കൂടുമെന്ന പ്രതീക്ഷയിൽ റെയിൻഗാർഡ് ഘടിപ്പിച്ച് വളമിട്ട കർഷകർക്ക് കൈ പൊള്ളി. വെട്ടുകൂലിക്കുള്ളത് കിട്ടാതായതോടെ വെട്ടാതിരിക്കുന്നതാണ് ഭേദമെന്ന ചിന്തയിലാണ് ഭൂരിപക്ഷം കർഷകരും.

റഷ്യ, യുക്രയ്ൻ യുദ്ധം തുടങ്ങും മുമ്പ് 180 രൂപ വരെ വില ഉയർന്നിരുന്നു. അന്താരാഷ്ട്ര വിലയിൽ ഉണ്ടായ ഇടിവ് ആഭ്യന്തര വിപണിയെയും ബാധിക്കുകയായിരുന്നു. ഇന്ത്യൻ ടയർലോബികളും ആഭ്യന്തര വില ഉയരാതിരിക്കാനുള്ള കളി തുടങ്ങി. ആഭ്യന്തര വിപണിയിൽ നിന്ന് വിട്ടു നിന്ന ടയർ കമ്പനികൾ റബർ ഇറക്കുമതിക്ക് മുറവിളി കൂട്ടി. വില താഴോട്ടു പോകുന്ന പ്രവണത മനസിലാക്കി വ്യാപാരികൾ കൈവശമുള്ള ചരക്ക് വിപണിയിൽ ഇറക്കിയതോടെ ഡിമാൻഡില്ലാതായി വില പിന്നെയും ഇടിയുകയാണ്. 170 രൂപ ഉണ്ടായിരുന്ന ഒട്ടുപാലിന് 117 രൂപയായി

താളംതെറ്റി വില സ്ഥിരതാ പദ്ധതി.

വില സ്ഥിരതാ പദ്ധതിയും താളം തെറ്റിയതും കർഷകർക്ക് ഇരുട്ടടിയായി. തറവില 150ൽ നിന്ന് 170 ആക്കി സർക്കാർ ഉയർത്തിയിരുന്നു. നേരത്തേ റബർ വില 150ൽ നിന്ന് 180 വരെ ഉയർന്നപ്പോൾ 30 രൂപയുടെ അധിക സബ്സിഡി കർഷകർക്ക് ലഭിക്കേണ്ടതായിരുന്നു. ഇതിനുള്ള ബില്ല് സമർപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പണം ബാങ്കിൽ എത്തിയിട്ടില്ല. വില ഇടിവ് തുടർന്നാൽ ഇനി സബ്സിഡി ആനുകൂല്യവും കർഷകർക്ക് ലഭിക്കില്ല.

കേരളകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറയുന്നു.

റബർ മേഖലയിലെ പ്രതിസന്ധിക്ക് മുന്നിൽ കാഴ്ചക്കാരെ പോലെ നിൽക്കാതെ വിലയിടിവ് പ്രശ്നം പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം. പ്രത്യേക ഫണ്ട് രൂപീകരിച്ച് കർഷകരെ സഹായിക്കണം.