അന്തിനാട്: ശ്രീമഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം നാളെ നടക്കും. ക്ഷേത്രം മേൽശാന്തി കല്ലമ്പിള്ളിൽ ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിമരച്ചുവട്ടിൽ നിന്നും നെൽക്കതിരുകൾ മഞ്ഞൾ, നെല്ലി, ഇല്ലി, കാഞ്ഞിരം, വള്ളിയുഴിഞ്ഞ, മുതലായ ആയുർവേദ സസ്യങ്ങളോടുകൂടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിനുള്ളിൽ പ്രവേശിക്കും. തുടർന്ന് പൂജിച്ച നെൽക്കതിരുകൾ ഭക്തർക്ക് നൽകും. പൂജിച്ച നെൽക്കതിരുകൾ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കുന്നത് ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും ഉത്തമമെന്നാണ് വിശ്വാസം. ഉച്ചപൂജയ്ക്ക് പുത്തരിപായസം നിവേദിക്കും.