ഉഴവൂർ: ഈ തെരുവുനായ്ക്കളെക്കൊണ്ട് തോറ്റു... അധികാരികളേ നിങ്ങൾ ഉറക്കം നടിക്കാതെ എന്തെങ്കിലുമൊന്ന് ചെയ്യൂ.
ഉഴവൂർ ടൗണിലെത്തുന്ന വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാരും വ്യാപാരികളുമൊക്കെ ഒരേസ്വരത്തിൽ ഉഴവൂർ പഞ്ചായത്ത് അധികാരികളോട് അപേക്ഷിക്കുകയാണ്. അത്രയ്ക്ക് രൂക്ഷമാണ് ഉഴവൂർ ടൗണിൽ തെരുവുനായ്കളുടെ ശല്യം. ഉഴവൂരിലെ വഴികളിലൂടെ നിരന്തരം സഞ്ചരിക്കുന്ന തെരുവുനായ്ക്കൾ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പേടിസ്വപ്നമാണ്. ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകൾ വരെ കൈയേറുന്ന തെരുവുനായ്ക്കൂട്ടം യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കഴിഞ്ഞദിവസം ഉഴവൂർ കോളജിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ തെരുവുനായ്ക്കൾ കൂട്ടാമായെത്തി ഓടിച്ചു. നായ്ക്കളെ ഭയന്നോടിയ വിദ്യാർത്ഥികളിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉഴവൂർ കുരിശുപള്ളി കവലയിലെ കാത്തിരിപ്പുകേന്ദ്രവും തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. ഇതുമൂലം ഇവിടെ ആർക്കും ബസ് കാത്തുനിൽക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്.
തമ്പടിച്ച് തെരുവുനായ്ക്കൾ
മോനിപ്പള്ളി റൂട്ടിലുള്ള ഒരു ഓഡിറ്റോറിയത്തോട് ചേർന്നും തെരുവുനായ്ക്കൾ കൂട്ടത്തോടെ തങ്ങുകയാണ്. ഈ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചില പാർട്ടികൾക്ക് ശേഷമുള്ള അവശിഷ്ടങ്ങൾ ഹാളിന്റെ പുറകിൽ തള്ളുകയാണെന്നും ഇത് ഭക്ഷിക്കാനാണ് തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നതെന്നും പ്രദേശവാസികൾ പറയുന്നു.