വൈക്കം : സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും രോഗികൾക്കും കൈതാങ്ങായി ആശ്രമം സ്‌ക്കൂളിലെ കുട്ടികർഷകർ .
തലയാഴം പഞ്ചായത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് 14 കുട്ടികർഷകർ ചേർന്ന് നടത്തിയ പച്ചക്കറി കൃഷിയിൽ നിന്നുള്ള ലാഭത്തിന്റെ വിഹിതമാണ് നിർദ്ധനർക്കായി കൈമാറിയത്. രാജേഷ് മനയ്ക്കൽചിറയുടെ നേതൃത്വവും കൃഷി പാഠവും കുട്ടികർഷകർക്ക് തുണയായി .
ആറ് രോഗികൾക്ക് ചികിത്സാ സഹായവും ഓണക്കിറ്റും സമ്മാനിച്ചു. ഉല്ലല പി.എസ്.ശ്രീനിവാസൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടികർഷകരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത് .
ആശ്രമം സ്കൂളിലെ എസ്.പി.സി ,റെഡ്‌ക്രോസ്സ് എന്നിവരുടെ കൂട്ടായ്മയും നേട്ടത്തിന് പിന്നിലുണ്ട്. കുട്ടികർഷകർക്കായി ആശ്രമം സ്‌ക്കൂളിലെ അദ്ധ്യാപകർ സമാഹരിച്ച സാമ്പത്തിക സഹായം പ്രഥമാധ്യാപിക പി.ആർ.ബിജി കൈമാറി. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി സാലി അദ്ധ്യക്ഷത വഹിച്ചു. താലൂക്കാശുപത്രി ആർ.എം.ഒ ഡോ. എസ്.കെ.ഷീബ, കെ.ബിനീമോൻ, റോസി ബാബു , കൊച്ചുറാണി ബേബി, അഡ്വ.രമേശ് പി.ദാസ്, ആശ്രമം സ്‌ക്കൂൾ പ്രഥമാധ്യാപിക പി.ആർ.ബിജി, ആർ ഝാഫിൻ, ചിത്ര ജയകുമാർ, സീമാ ബാലകൃഷ്ണൻ , ബീനാ കെ.സുഗതൻ ,സാബു കോക്കാട്ട്, എസ്.അഖിൽ എന്നിവർ പങ്കെടുത്തു.