പാലാ: മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് എം.എം തോമസ് മേൽവെട്ടവും മറ്റ് ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ അറിയിച്ചു.

2021-2022 സാമ്പത്തികവർഷം 70.58 ലക്ഷം ബാങ്ക് അറ്റലാഭം നേടി. കാർഷിക വിലത്തകർച്ചയും കൊവിഡ് പ്രതിസന്ധിയും മൂലം ക്ലേശം അനുഭവിക്കുന്ന വായ്പയെടുത്ത അംഗങ്ങൾക്ക് 2.4 കോടി രൂപയുടെ പലിശയിളവ് നൽകി. 32.38 കോടി രൂപ വരവും 31.62 കോടി രൂപ ചെലവും 75 ലക്ഷം രൂപ ലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് കഴിഞ്ഞ പൊതുയോഗം അംഗീകരിച്ചതായും പ്രസിഡന്റ് പറഞ്ഞു.

മികച്ച പ്രവർത്തനം പരിഗണിച്ച് കേരളകൗമുദിയുടെ പുരസ്‌കാരവും മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ അവാർഡും കേരള ബാങ്ക് ജില്ലയിലെ മികച്ച ബാങ്കിനേർപ്പെടുത്തിയ എക്‌സലൻസ് അവാർഡും ഈ റിപ്പോർട്ട് വർഷം ബാങ്കിന് ലഭിച്ചു. പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എം.എം തോമസ്, വൈസ് പ്രസിഡന്റ് അജികുമാർ കെ.എസ്., ഭരണസമതിയംഗങ്ങളായ ജോൺസൺ ജോസഫ്, ജോസ് ജോസഫ്, റ്റി.എൻ. രവി തറപ്പിൽ, സെക്രട്ടറി ഇൻചാർജ്ജ് വിൻസ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.